
ന്യൂഡല്‍ഹി; ഇന്ത്യയുടെ ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് 2024 മികച്ച വര്‍ഷമായിരുന്നു. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടത്തോടെയായിരുന്നു ഗുകേഷിന്റെ തുടക്കം. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന നേട്ടത്തോടെയാണ് ഗുകേഷ് 2024ലെ നേട്ടങ്ങള്‍ അവസാനിപ്പിച്ചത്. ഖേല്‍ രത്ന പുരസ്കാരവും ഗുകേഷിന് ലഭിക്കും. 2024-ല്‍ ഗുകേഷ് നേടിയ ആകെ സമ്മാനത്തുക വെളിപ്പെടുത്തിയിരിക്കുകയാണ് ചെസ്.കോം.
കഴിഞ്ഞ വര്‍ഷം ഗുകേഷ് 15,77,842 യുഎസ് ഡോളര്‍ സമ്പാദിച്ചുവെച്ചാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 13.6 കോടി രൂപയ്ക്ക് തുല്യമാണ്. ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ പാരിതോഷികം കൂടാതെയുള്ള കണക്കാണിത്. ലോക ചാംപ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ ഗുകേഷിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.






