
പ്രേമം എന്ന ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. അരങ്ങേറ്റം മലയാളത്തിൽ ആണെങ്കിലും അനശ്വര പിന്നീട് തിളങ്ങിയത് തെലുങ്കിലാണ്. തമിഴിൽ അഭിനയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് മികച്ച അവസരങ്ങള്‍ നല്‍കിയത്.
ടോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴും ആദ്യ അഭിനയിച്ച പ്രേമം എന്ന ചിത്രത്തോടും മലയാള സിനിമയോടും തന്നെയാണ് അനുപമയ്ക്ക് ഇഷ്ടം കൂടുതലുള്ളത്. അടുത്തിടെ വോഗ് ഇന്ത്യയുടെ കവർ ഗേളായി വന്ന അനുപമ അതിലെ അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.
ഇപ്പോഴിതാ അതേ അഭിമുഖത്തിൽ ബന്ധങ്ങളെ കുറിച്ചും തന്റെ മറ്റ് ഇഷ്ടങ്ങളെ കുറിച്ചും താരം പറയുന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഞാൻ നിന്നെ എന്നും സ്നേഹിക്കും' എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ നുണയെന്നും അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും അനുപമ പറയുന്നു.
"ഞാൻ നിന്നെ എന്നും സ്നേഹിക്കും, സത്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നുണയാണത്...."
ടോക്സിക് റിലേഷൻഷിപ്പിലുള്ള ഒരാള്‍ക്ക് കൊടുക്കുന്ന ഉപദേശം എന്ന ചോദ്യത്തിന് 'ഓടിക്കോ' എന്നാണ് അനുപമ പറഞ്ഞ ഉത്തരം.
ഇഷ്ടമുള്ള പാട്ടിനെക്കുറിച്ചും താരം പറയുന്നുണ്ട്. " ഇഷ്ടപ്പെട്ട പാട്ട് പ്രേമത്തിലെ 'ആലുവാപ്പുഴയുടെ തീരത്താ'ണ്. സന്തോഷം വരുമ്പോഴെല്ലാം ഈ പാട്ടാണ് കേള്‍ക്കാൻ ഇഷ്ടം. മാനസികമായി തളർന്നിരിക്കുന്ന സമയത്താണെങ്കില്‍ കാണാൻ ആഗ്രഹിക്കുന്ന ചിത്രം പ്രേമമായിരിക്കും. അഭിനയിച്ച സിനിമകളിലെ എന്റെ ഇൻട്രൊഡക്ഷൻ സീനും പാട്ടുകളും ഒരുപാട് ആസ്വദിക്കാറുണ്ട്. അതുപോലെ പ്രേമത്തിലെ മലർ മിസ്സിന്റെ ഇൻഡ്രൊക്ഷൻ സീൻ ഒരുപാട് ഇഷ്ടമാണ്... " അനുപമ പറയുന്നു.
ഇഷ്ടങ്ങളെക്കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. "അമ്മയുടെ ചോറും ചമ്മന്തിയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. വെള്ള ഷർട്ടും നീല ജീൻസുമാണ് ഏറ്റവും പ്രിയപ്പെട്ട ഔട്ട്ഫിറ്റ്.
രാവിലെ എഴുന്നേല്ക്കുമ്പോൾ ഫോണ്‍ ഉപയോഗിക്കാതിരിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്...
ഭൂമിയിലെ അവസാനദിവസം എന്താണ് ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ "ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട അത്രയും അളവില്‍ കഴിക്കും..." അനുപമ പറയുന്നു.






