
സംവിധായകന് എന്നതിലുപരി അഭിനേതാവായും പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ബേസില്‍ ജോസഫ്. മലയാളസിനിമയുടെ ഭാഗ്യവും ഹിറ്റ് മെഷീനുമെല്ലാം ബേസില്‍ എന്ന പേരിലിപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ്. കുഞ്ഞിരാമായണം, മിന്നൽ മുരളി, ഗോദ എന്നിങ്ങനെ ബേസില്‍ സംവിധാനം ചെയ്ത മൂന്നു സിനിമകൾ മാത്രമല്ല, താരം അഭിനയിച്ചതിൽ ഒട്ടുമിക്കവയും സൂപ്പർ ഹിറ്റ് തന്നെ. കോമഡിയാകട്ടെ, ഇമോഷണൽ, നെഗറ്റീവ് റോളാകട്ടെ എല്ലാം ഈ താരത്തില്‍ ഭദ്രം.
ബേസിൽ ജോസഫിന്റെ സ്ക്രീൻ സാന്നിധ്യമുണ്ടായാൽ മതി സിനിമ സൂപ്പർ ഹിറ്റാവുമെന്ന് ഉറപ്പാണ്. സംവിധായകൻ കൂടിയായ ബേസിലിന്റെ താരമൂല്യവും ഇതിന് സ്വാധീനിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുളള നിരവധി ചിത്രങ്ങളിലാണ് ബേസിൽ തിളങ്ങിയത്.
ഇപ്പോഴിതാ ബേസില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളാകുന്ന ‘പ്രാവിന്കൂട് ഷാപ്പ്’ എന്ന സിനിമയുടെ പ്രൊമോഷന് ചടങ്ങിനിടെ വേദിയെ ഇളക്കിമറിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേദിയില്‍ പാട്ടുപാടിയും ഡാൻഡു കളിച്ചുമാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. ആത്മവിശ്വാസത്തോടെയുള്ള താരത്തിന്റെ പ്രകടനം പ്രശംസയും കൈയടിയും നേടുകയാണ്. ‘‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗളം...’’ എന്ന ബേസില്‍ ജോസഫ് പാടി അഭിനയിച്ച പാട്ടാണ് താരം വേദിയില്‍ പാടുന്നത്.
ഇൻസ്റ്റഗ്രാമില്‍ വൈറലാകുന്ന വീഡിയോയില്‍ നിരവധി ആരാധകര്‍ രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഇതിന്റെ പകുതി ആത്മവിശ്വാസം കിട്ടിയിരുന്നേല്‍ എന്നെ ജീവിതം രക്ഷപെട്ടേനെ’, ഇത്രയും കോണ്‍ഫിഡൻസ് എവിടുന്നു കിട്ടുന്നു, ചേട്ടന് പാടാനുള്ള കഴിവും ഉണ്ടായിരുന്നു അല്ലെ, ഏത് വൈബ്, ബേസില്‍ വൈബ്...’ എന്നിങ്ങനെ നിരവധി കമന്റുകള്‍ ആരാധകര്‍ കുറിക്കുന്നുണ്ട്.
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്നത്. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലര്‍ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് ട്രെയിലര്‍ നൽകിയിരിക്കുന്ന സൂചന.






