
മലയാള സിനിമയിലെ നായിക സങ്കല്പങ്ങള് നൂറു ശതമാനവും ശരിയാക്കുന്ന അഭിനേത്രിയായി പ്രേക്ഷകര്‍ അംഗീകരിച്ച താരമാണ് പത്മപ്രിയ. മികച്ച നായികകഥാപാത്രങ്ങളിലൂടെ തിളങ്ങി നിന്ന താരം ഇടയ്ക്ക് സിനിമയിൽ നിന്നൊരു ഇടവേള എടുത്ത് അമേരിക്കയിലേക്ക് പഠനത്തിനായി പോയി. സിനിമാമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആളുകൂടിയാണ് പത്മപ്രിയ.
കരിയര്‍ വേറെ വ്യക്തി ജീവിതം വേറെ എന്നൊരു ചിന്താഗതിയാണ് താരത്തിന്. വ്യക്തി ജീവിതത്തില്‍ വളരെയെധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന താരം കൂടിയാണ് പത്മപ്രിയ.
2014 ല്‍ ജാസ്മിന് ഷാ എന്നയാളിനെ പത്മപ്രിയ വിവാഹം ചെയ്തു. വിദേശത്ത് പഠിക്കുന്ന സമയത്താണ് ഇവര്‍ സുഹൃത്തുക്കളും പ്രണയിതാക്കളുമൊക്കെയായത്. അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തന് കൂടിയായ ജാസ്മിന് ഷാ ഇന്ന് ആം ആദ്മി പാർട്ടി നേതാവാണ്. ഡല്‍ഹി മോഡല്‍ എന്ന പുസ്തകവും അടുത്തിടെ ജാസ്മിന് പുറത്തിറക്കി.
ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് പത്മപ്രിയ. ഭർത്താവിന്റെ പൊളിറ്റിക്കല്‍ കരിയറില്‍ പങ്കാളിയെന്ന നിലയില്‍ തനിക്ക് വലിയ പങ്കില്ലെന്ന് പത്മപ്രിയ പറയുന്നു. ജാസ്മിൻ ഷാ എഴുതിയ ഡല്‍ഹി മോഡല്‍ എന്ന പുസ്തകത്തെ പത്മപ്രിയ പ്രശംസിക്കുകയും ചെയ്തു.
‘‘ഞാൻ ആക്ടീവ് പൊളിറ്റീഷ്യൻ അല്ല. എനിക്ക് നാളെ കോണ്‍ഗ്രസിന് വേണ്ടിയോ മറ്റോ വോട്ട് ചെയ്യാം. അതാണ് ഒരു നല്ല റിലേഷൻഷിപ്പിന്റെ മനോഹാരിത. ഞങ്ങളില്‍ കോമണായുള്ളത് ഞങ്ങള്‍ വൈവിധ്യത്തിലും അവകാശത്തിലും വിശ്വസിക്കുന്നു എന്നതാണ്.
ജാസ്മിൻ തന്റെ അക്കാദമിക് ഡിഗ്രി ഉപയോഗിച്ച് കോർപറേറ്റ് ലോകത്തായിരുന്നെങ്കില്‍ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷെ ഇത് അദ്ദേഹത്തിന്റെ ചോയ്സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേർത്ത് നിർത്തുന്നത്. ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാൻ വിവാഹം ചെയ്ത് കഴിഞ്ഞു. പക്ഷെ അദ്ദേഹം ആക്ടീവ് പൊളിറ്റിക്സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്കറിയാമായിരുന്നു.
ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂവുള്ളവരാണ്. മിഡില്‍ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങള്‍ വളർന്നത്. അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്. എഴുത്തുകാരനായുള്ള ജാസ്മിന്റെ യാത്ര ഞാൻ കണ്ടതാണ്.
സർക്കാർ കൊണ്ട് വന്ന നയം മാറ്റങ്ങളില്‍ സജീവ പങ്കാളിയായിരുന്നു ജാസ്മിന്. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാൻ വേണ്ടിയാണ് ജാസ്മിൻ ആക്ടീവ് പൊളിറ്റീഷ്യൻ ആയത്. ഭർത്താവ് ഫിസിക്കലി ഹോട്ട് ആണ്. അതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും എന്നെ ആകർഷിച്ചു.
എന്റെ ഹൃദയം ഒരു കലാകാരിയുടേതാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാല്‍ ഒരിക്കലും രാഷ്ട്രീയത്തിലേേക്ക് വരില്ല എന്ന് പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാൻ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്ന് പറഞ്ഞ ഞാൻ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ച് വന്നു. ജീവിതം എന്താണ് എനിക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് അറിയില്ല. എന്ത് ചെയ്താലും ഞാൻ എന്റെ ഹൃദയം മുഴുവനായി നല്കി ചെയ്യും...’’ പത്മപ്രിയ പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് പത്മപ്രിയ.






