
മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് എം വി ഡി വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പിഎസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.







Comments