
തെന്നിന്ത്യയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയ താരമാണ് ജോണ്‍ കൊക്കന്. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. താരത്തിന്റെ ഏറ്റവും പുതിയ സിനിമ കൃതിക ഉദയനിധി രചനയും സംവിധാനവും നിർവ്വഹിച്ച് ജയം രവി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ ‘കാതലിക്ക നേരമില്ലൈ’യാണ്. പൊങ്കല്‍ റിലീസായി ജനുവരി 14 ന് തീയറ്ററുകളില്‍ എത്തിയ സിനിമയില്‍ നിത്യ മേനോനായിരുന്നു നായിക. നിത്യക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു താരമായിരുന്നു ജോണ്‍ കൊക്കന്. നിത്യ മേനോന്റെ പെയര്‍ ആയിട്ടെത്തിയ താരത്തിന് ഒരു പ്രധാനമായ റോള്‍ സിനിമയിലുണ്ട്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ഗംഭീര പ്രതികരമാണ് ജോണ്‍ കൊക്കന്റെ കഥാപാത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ നിത്യ മേനോന് നന്ദി പറഞ്ഞ് പോസ്റ്റ് പങ്കിടുകയാണ് ജോണ്‍ കൊക്കന്. ‘‘ഇത്രയും മികച്ച സഹതാരമായതിനും ഒപ്പം അഭിനയിക്കാന്‍ ഒരു കംഫര്‍ട്ട് ഒരുക്കിയതിനും നിത്യ മേനോന് നന്ദി. കോ സ്റ്റാര്‍ ആയി നല്കിയ പിന്തുണയ്ക്കും നന്ദി. നിങ്ങളായതിന് നന്ദി. അത്രയും സപ്പോര്‍ട്ട് നല്കിയില്ലായിരുന്നുവെങ്കില് ആ കഥാപാത്രത്തെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. നിങ്ങളോട് വളരെ നന്ദിയുണ്ട്...’’ എന്നാണ് ജോണ്‍ കൊക്കന് കുറിച്ചത്.
കമന്റിനു താഴെ ‘‘നിങ്ങള്‍ വളരെ പൊട്ടന്‍ഷ്യല്‍ ഉള്ള താരമാണ്. അത്തരം വ്യത്യസ്തമായ നിരവധി വേഷങ്ങൾ നിങ്ങൾക്ക് കിട്ടാനായി ആശംസിക്കുന്നു...’’ എന്ന് നിത്യയും കുറിച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ പ്രശംസകളുമായി ജോണ്‍ കൊക്കന്റെ ഭാര്യ പൂജ രാമചന്ദ്രനും എത്തി. ‘‘നിങ്ങൾക്ക് കൂടുതൽ അത്ഭുതകരമായ വേഷങ്ങൾ കിട്ടട്ടെ, മൈ ലവ്...’’ എന്നാണ് പൂജ കുറിച്ചത്.
അതേസമയം ചിത്രത്തിന്റെ സംവിധായിക കൃതിക ഉദയനിതിയ്ക്കും ജോണ്‍ കൊക്കന് നന്ദി പറയുന്നുണ്ട്. ഒരു സോഫ്റ്റ് പേഴ്സണ്‍ ആയി സ്ക്രീനില്‍ ഞാന്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിന് നന്ദി എന്ന് കുറിച്ചാണ് നന്ദി പറഞ്ഞത്.
‘ചില പ്രണയങ്ങള്‍ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും...’ എന്ന് ക്യാപ്ഷനോടെയാണ് താരം ചിത്രത്തിലെ ചില സീനുകളും പങ്കുവച്ചിട്ടുണ്ട്.






