
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇനി കെപിസിസി വക്താവ്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്.
സന്ദീപിനെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന് തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് കത്തയച്ചു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദികളില്‍ സജീവമാണ്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു.
പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.






