
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടീസർ പങ്കുവെച്ച് നിരവധി പേർ ചിത്രത്തിന് ആശംസകൾ നേർന്നിരുന്നു.
ഇപ്പോഴിതാ എമ്പുരാൻ ടീസറിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടൻ സന്തോഷം പങ്കിട്ടിരിക്കുന്നത്. വേൾഡ് ക്ലാസ് എന്നാണ് പ്രഭാസ് ടീസറിന് നൽകിയിരിക്കുന്ന വിശേഷണം. L2E, എമ്പുരാൻ എന്നീ ഹാഷ്ടാഗുകളും അദ്ദേഹം നൽകിയിരിക്കുന്നു.
അതിഗംഭീരമായി എടുത്തുവെച്ചിരിക്കുന്നു. സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദ. അഭിനയിക്കുന്നത് ഒരേയൊരു മോഹൻലാൽ സാർ. എല്ലാ ടീമംഗങ്ങൾക്കും വിജയം നേരുന്നു എന്നും പ്രഭാസ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചു. പൃഥ്വിരാജ് ഈ സ്റ്റോറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. നന്ദി ദേവാ, നിങ്ങളെ ഉടൻ നേരിൽക്കാണും എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
തെലുങ്കില്‍ പൃഥ്വിരാജിന് വലിയ പ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു സലാര്‍. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസായിരുന്നു നായകന്. ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിട്ടത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
അതേസമയം, പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്. മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.






