
പരീക്ഷ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ വൈകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. സമയത്തിന് സ്കൂളിലെത്തണമെന്ന് നിയമം അനുശാസിക്കുമ്പോഴും പലരും ഇത് തെറ്റിക്കാറാണ് പതിവ്. ഏതായാലും അത്തരമൊരു സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീഹാറിലെ നവാഡ ബസാറില്‍ നിന്നുള്ള വീഡിയോയില്‍ പരീക്ഷാ ഹാളിലെത്താന്‍ വൈകിയ ഒരു പെണ്‍കുട്ടി സ്കൂളിന്റെ ഗേറ്റിന് അടിയിലൂടെ നുഴഞ്ഞ് കയറുന്ന വീഡിയോയാണ് ഇത്.
ആഘോഷമായി കൊടിതോരണങ്ങളും ബലൂണുകളും കെട്ടിയിട്ട ഒരു സ്കൂള്‍ ഗേറ്റിന് മുന്നില്‍ മൂന്നാല് പേര് നില്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഒരു പെണ്‍കുട്ടി നിലത്ത് കിടന്ന് ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കാന്‍ ശ്രമിക്കുന്നു. ഗേറ്റിനും നിലത്തിനും ഇടയിലുള്ള ചെറിയ വിടവിലൂടെ പെണ്‍കുട്ടി ഏങ്ങനെ അപ്പുറം കടക്കുമെന്ന് കാഴ്ചക്കാരന് അതിശയിച്ച് നില്‍ക്കുന്നതിനിടെ കുട്ടി വിദഗ്ദമായി ഗേറ്റിനുള്ളിലേക്ക് നൂണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് നില്‍ക്കുകയായിരുന്ന ആള്‍ക്കൂട്ടം ഈ സമയം ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടി ഗേറ്റിനുള്ളിലേക്ക് കടന്നതിന് പിന്നാലെ ഒന്ന് രണ്ട് പോലീസുകാരെത്തി ഗേറ്റിന് മുന്നില്‍ നിന്നും ആള്‍ക്കൂട്ടത്തെ മാറ്റാന്‍ ശ്രമിക്കുന്നു. ഈ സമയം കാമറ ആള്ക്കട്ടത്തിലേക്ക് തിരിക്കുമ്പോഴാണ് കാഴ്ചക്കാരന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുക. വൈകി വന്നതിനെ തുടര്‍ന്ന് പരീക്ഷാ ഹാളിലേക്ക് കടക്കാന്‍ പറ്റാതെ റോഡില്‍ നില്ക്കുന്ന വലിയൊരു കൂട്ടം വിദ്യാര്‍ത്ഥികളെയും സംഭവം കാണാനെത്തിയ നിരവധി നാട്ടുകാരെയും അവിടെ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 'നിങ്ങള്‍ വൈകിയെന്നാല്‍ നിങ്ങള്‍ വൈകി എന്ന് തന്നെ. നിയമം നിയമമാണ്' ഒരു കാഴ്ചക്കാരന് കുറിച്ചു. അവളുടെ ചെറിയൊരു പരിശ്രമം ഈ ദിവസത്തെ അവളെ രക്ഷിച്ചു എന്നായിരുന്നു മറ്റൊരു കുറിപ്പ്.






