
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്രൂരമായ റാഗിംഗ് നടത്തിയ അഞ്ച് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇവരെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളേജില്‍ നിന്നുമുണ്ടായ പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് അറസ്റ്റ്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അതിക്രൂരമായ റാഗിംഗിന് ഇരയായെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതി. ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളില്‍ റാഗിംഗ് നടത്തിയ 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് പ്രിന്‍സിപ്പല്‍ നടപടി സ്വീകരിച്ചത്.






