
കൊച്ചി; ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം പരമാവധി ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ നല്‍കും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ധ്യവും നൈപുണ്യശേഷിയുമുള്ള മികച്ച മനുഷ്യവിഭവശേഷിയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. ആഗോള ഐടി കമ്പനികളുടെ സോഫ്റ്റ്വെയര് ഡെവലപ്പിംഗ് കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകായാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈല്‍ സോഫ്റ്റ്വെയര് സാങ്കേതികവിദ്യയില്‍ തിരുവനന്തപുരത്ത് ആഗോള കേന്ദ്രം വരാന്‍ പോവുകയാണ്. നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവിടെ ചുവടുറപ്പിക്കും.






