
മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ വയലൻസ് ഉള്ള സിനിമ, അടിപൊളി ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമ എന്നിങ്ങനെയുള്ള പ്രശംസകൾ നേടി തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ'.
കഴിഞ്ഞ ദിവസം ഒടിടിയിലൂടെ റിലീസ് ചെയ്തപ്പോഴും നിരവധി പേരാണ് പ്രശംസകൾ കുറിക്കുന്നത്.
ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന മാർക്കോയിലെ ഡിലീറ്റഡ് സീനും നിർമ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുകയാണ്. നടൻ റിയാസ് ഖാൻ ഉള്‍പ്പെട്ട ഒരു പൊലീസ് സ്റ്റേഷൻ രംഗമാണ് യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ചിത്രം തിയേറ്ററുകളിലെത്തിയതിനു പിന്നാലെ, റിയാസ് ഖാന്റെ രംഗങ്ങള്‍ പുറത്തുവിടണമെന്ന് അഭ്യർത്ഥിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു.
ഭീകര വയലൻസ് ഉള്പ്പെട്ടതുകൊണ്ടാകാം രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങള്‍ കൊണ്ടാണ് രംഗങ്ങള്‍ ഒഴിവാക്കിയതെന്നും ഒടിടി റിലീസിനു ശേഷം ഈ രംഗങ്ങള്‍ പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ ഉറപ്പു നല്കി.
പക്ഷേ, വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ രംഗങ്ങള്‍ ഒഴിവാക്കിയത് വളരെ നല്ല തീരുമാനം ആയിരുന്നെന്നാണ് ഭൂരിഭാഗം കാഴ്ചക്കാരും കമന്റില്‍ കുറിക്കുന്നത്.
'ഡിലീറ്റഡ് സീനിനോട് നൂറു ശതമാനം നീതി പുലർത്തിയ ഡിലീറ്റ്ഡ് സീൻ', 'സിനിമക്ക് ഒട്ടും ആവിശ്യം ഇല്ലാത്തൊരു സീൻ ആണ് ഇത്. നന്നായി ഡിലീറ്റ് ആക്കിയത്', 'കണ്ടതില്‍ സന്തോഷം... കാണാത്തതില്‍ അതിലേറെ സന്തോഷം,' 'ഒരു ഇമോഷൻ ഇല്ലാത്ത സീൻ. പക്ഷെ റിയാസ് ഖാന് ഈ സിനിമയില്‍ വേറെ നല്ലൊരു വില്ലൻ കഥാപാത്രം കൊടുക്കാമായിരുന്നു,' എന്നിങ്ങനെയാണ് കമന്റുകൾ.






