
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തി ബോളിവുഡിൽ തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത സംവിധായകനും നിർമ്മതാവുമാണ് കരണ് ജോഹർ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ കരൺ ജോഹറിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ കരൺ ജോഹർ, എസ് എസ് രാജമൗലിയുടെ സിനിമകളിലെ ലോജിക്കിന്റെ അഭാവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.
സിനിമയില് ലോജിക്കിനെ പിൻസീറ്റിലേക്ക് മാറ്റിയാല് പകരം എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി കരണ് ജോഹർ ചൂണ്ടിക്കാണിച്ചത് രാജമൗലിയുടെ ആർആർആർ എന്ന ചിത്രമാണ്. "ആർആർആറിന് പുറമെ അനിമല്, ഗദർ തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നതാണ്. ലോജിക്കിന് പകരം സംവിധായകന്റെ ബോധ്യമാണ് ഇത്തരം സിനിമകളുടെ വിജയരഹസ്യം.
ഒരു സംവിധായകന്റെ ബോധ്യം വളരെ പ്രധാനമാണ്, അത് ഉണ്ടെങ്കില് ലോജിക്കിന് പ്രസക്തിയില്ല. രാജമൗലിയുടെ സിനിമകളില് നിങ്ങള്ക്ക് എവിടെയാണ് യുക്തി കണ്ടെത്താനാവുക? ആ സിനിമകളിലെല്ലാം കാണാൻ കഴിയുന്നത് സംവിധായകന്റെ ബോധ്യം മാത്രമാണ്. ആ ബോധ്യം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അവർ നിങ്ങളെ വിശ്വസിക്കും. പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതാണ് ഒരു സംവിധായകന്റെ കഴിവ്..." കരൺ പറഞ്ഞു.
സണ്ണി ഡിയോള് നായകനായ ഗദർ എന്ന ചിത്രത്തെയും കരണ് ജോഹർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. "ചിത്രത്തില് ഒരാള് 1000 പേരെ ഹാൻഡ് പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് ബോധ്യം കൊണ്ടാണ്. സണ്ണി ഡിയോളിന് അത് ചെയ്യാൻ കഴിയുമെന്ന് സംവിധായകൻ അനില് ശർമ്മ വിശ്വസിക്കുന്നതിനാല് പ്രേക്ഷകരും അത് വിശ്വസിക്കുന്നു. ആളുകള് ഇത് വിശ്വസിക്കുമോ, ഇതില് യുക്തിയില്ലല്ലോ എന്നൊക്കെ സംവിധായകൻ സ്വയം സംശയിച്ചാല് പ്രേക്ഷകരും യുക്തിയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങും. അത് സിനിമയെ സഹായിക്കില്ല... "കരണ് ജോഹർ പറഞ്ഞു.
രാജമൗലിയുടെ ബാഹുബലി രണ്ട് ഭാഗങ്ങളും ഉത്തരേന്ത്യൻ വിതരണച്ചുമതല വഹിച്ചത് കരണ് ജോഹർ ആണ്. യൂട്യൂബ് ചാനലായ ഗെയിം ചെയ്ഞ്ചേഴ്സിന്റെ അഭിമുഖത്തിലാണ് രാജമൗലി ചിത്രങ്ങളെ കുറിച്ച് കരൺ സംസാരിച്ചത്.







Comments