
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് പുറത്തിറക്കിയ പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. പാകിസ്ഥാന്റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 796 റേറ്റിംഗ് പോയന്റുമായാണ് ഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ഗില്‍. സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, എം എസ് ധോണി എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ആകെ നാല് ഇന്ത്യൻ ബാറ്റ്സ്മാൻമാരുണ്ട്. ശുഭ്മാൻ ഗില്ലിന് പിന്നാലെ രോഹിത് ശർമ്മ (3), വിരാട് കോഹ്ലി (6), ശ്രേയസ് അയ്യർ (9) എന്നിവരും ഉണ്ട്. വിരാട് കോലി ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുണ്ട്. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കന്‍ നായകൻ ചരിത് അസലങ്കയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്ന് കളികളിലും പാകിസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസമിന് 20.67 ശരാശരിയില്‍ 62 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു.
അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഗില്ലിന്റെ നേട്ടം. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്ക് മുമ്പുള്ള ഈ നേട്ടം താരത്തിനും ആരാധകർക്കും ആത്മ വിശ്വാസം നൽകും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കം 259 റൺസ് നേടിയിരുന്നു. 2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 1258 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യയുടെ വിരാട് കോലിയെ പിന്തള്ളിയായിരുന്നു ബാബര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പിന്നീട് ഒന്നാം സ്ഥാനം നഷ്ടമായ ബാബര്‍ 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.


