
അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളിലൊക്കെ തിളങ്ങി നില്ക്കുന്ന താരമായ പൃഥ്വിരാജ് സുകുമാരന്റെ കുടുംബത്തെയും സ്വന്തം കുടുംബത്തെപ്പോലെയാണ് ആരാധകര്‍ സ്നേഹിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും ഇന്ന് ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്ന താരപത്നിയാണ്.
മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ തന്റേതായ വ്യക്തിത്വവും നിലപാടുകളുമൊക്കെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തിന്റെ ബഹുമാനവും താരപത്നിക്കുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുപ്രിയ. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. പൃഥ്വിയുടെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരങ്ങളിപ്പോള്‍.
ഇപ്പോഴിതാ ഇതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയ പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. താന്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോയാണിത്. കൂട്ടത്തില്‍ സുപ്രിയ മേനോനും ഉണ്ടെന്നതാണ് പുതിയ വിശേഷം. കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. മഹാകുംഭ് സംഗം എന്ന് കുറിച്ചാണ് സുപ്രിയയുടെ സ്റ്റോറി. വിവിഐപികള്‍ക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്തു നിന്നുള്ളതാണ് വീഡിയോ. സുപ്രിയ പ്രയാഗ് രാജിലെത്തിയത് ഓറഞ്ചും കറുപ്പും നിറത്തിലുള്ള വസ്ത്രവും അതിന് മുകളില്‍ ലൈഫ് ജാക്കറ്റും കൂടെ ഒരു കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചാണ്, കുറച്ചു സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയാണിത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സുപ്രിയ ഇത്രയും വിശ്വാസിയായിരുന്നോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. മാത്രമല്ല ഭര്‍ത്താവും നടനുമായ പൃഥ്വിരാജും ഇവിടെ എത്തിയിരുന്നോ എന്നറിയാനുള്ള ആകാംഷയും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ പൃഥ്വി ഭാര്യയ്ക്കൊപ്പം പോയിട്ടില്ലെന്നാണ് സൂചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായ എമ്പുരാന്റെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ സിനിമയാണ്. ബിഗ് ബജറ്റില്‍ വലിയ പ്രതീക്ഷകളോടെ നിര്‍മ്മിച്ച എമ്പുരാന് മാര്‍ച്ച് ഇരുപ്പത്തിയേഴിനായിരിക്കും തിയേറ്ററുകളിലേക്ക് എത്തുക.
പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയുടെ വിശേഷങ്ങള്‍ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ബോളിവുഡില്‍ നിന്നു മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്തുള്ള മിക്ക സെലിബ്രിറ്റികളും ഇതില്‍ പങ്കെടുക്കാന്‍ പോവുകയും അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.
സുപ്രിയ മേനോന് പുറമേ ജയസൂര്യ, വിനായകന്, കൃഷ്ണ കുമാര്‍, സുരേഷ് കുമാര്‍, സംയുക്ത, തുടങ്ങി നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നു കുംഭമേളയില്‍ പങ്കെടുക്കാനായി പോയിരുന്നു. ജയസൂര്യ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് പോയതെന്ന് അവിടെ നിന്ന് പങ്കിട്ട കുടുംബചിത്രങ്ങളില്‍ നിന്ന് മനസ്സിലായിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളാണ് എത്തിയത്. സെലിബ്രിറ്റികള്‍ക്ക് പുറമേ രാഷ്ട്രീയക്കാരനും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. ചില അപകടങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളും കുംഭമേളയ്ക്കൊപ്പം കേള്‍ക്കുന്നുണ്ട്.






