
വിയറ്റ്നാമില്‍ സ്വന്തം ബെര്‍ത്ത്ഡേ ആഘോഷിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്.
ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. വിയറ്റ്നാമിലെ ഹനോയിയിലാണ് യുവതിയുടെ ജന്മദിനാഘോഷം നടന്നത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അപകടമുണ്ടായതും.
കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂണ്‍ പൊട്ടിത്തെറിച്ചത്. ഇതോടെ അവിടമാകെ ഒരു തീഗോളം പോലെ നില്ക്കുന്നതും കാണാം. ജിയാങ് ഫാം എന്ന യുവതിക്കാണ് പിറന്നാള്‍ ദിനത്തില്‍ പൊള്ളലേറ്റത്. എന്തായാലും, പിറന്നാള്‍ ആഘോഷത്തിലുണ്ടായ ഈ അപകടത്തിന്റെ വീഡിയോ ജിയാങ് ഫാം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഫെബ്രുവരി 14 -നാണ് ജിയാങ്ങിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ആ ഹാള്‍ ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. അവിടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ പിറന്നാള്‍ കേക്കുമായി ജിയാങ്ങും നില്ക്കുന്നതും കാണാം. എന്നാല്‍, പെട്ടെന്നാണ് ബലൂണൊരു തീഗോളമായി മാറിയത്. യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയില്‍ നിന്നും ബലൂണിലേക്ക് തീ പാളുകയായിരുന്നു. പെട്ടെന്ന് ബലൂണ്‍ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയില്‍ കാണാം.
ആറ് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, എന്നാല്‍ ഇന്ന് മാത്രമാണ് ഇതേക്കുറിച്ച് വിശകലനം ചെയ്യാന്‍ തനിക്ക് സാധിച്ചത് എന്നും ജിയാങ് പറഞ്ഞു. താന്‍ ഒരുപാട് കരഞ്ഞുവെന്നും മുഖത്ത് പൊള്ളലേറ്റതിനെ തുടര്‍ന്ന് തനിക്കിനി തന്റെ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നാണ് കരുതിയത് എന്നും അവള് പറയുന്നു. എന്നാല്‍, പൊള്ളല്‍ ഗുരുതരമല്ല, പാടുകള്‍ പൂര്‍ണമായും മാറുമെന്ന് ഡോക്ടര്‍ ജിയാങ്ങിന് ഉറപ്പ് നല്കി. ബലൂണില്‍ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു, കടക്കാരന് മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും അവള് പറഞ്ഞു.






