
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ് ലൂസിഫര്‍. സിനിമയിറങ്ങിയ അന്നുമുതല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആകാംഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും പികെആറിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രത്തില്‍ കേരള രാഷ്ട്രീയവും പ്രമേയമായിരുന്നു. രണ്ടാം ഭാഗത്തിലും ഇതൊക്കെയുണ്ടാകുമെന്ന് ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്. എമ്പുരാന് ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ഇപ്പോഴിതാ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രംഗങ്ങള്‍ ഉപയോഗിച്ച് രസകരമായൊരു വീഡിയോ നിര്‍മിച്ചിരിക്കുകയാണ് ഒരു യൂട്യൂബര്‍. വളരെ ക്രിയേറ്റീവായിട്ടാണ് യൂട്യൂബര്‍ വീഡിയോ ചെയ്തിരിക്കുന്നത്. ക്രിയേറ്റിവിറ്റി സമ്മതിക്കണം കണ്ടിട്ട് ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. ലൂസിഫറിലെ പഞ്ച് ഡയലോഗുപോലും തമാശയായിട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിരിയോടെല്ലാതെ കണ്ടിരിക്കാൻ പറ്റാത്ത ഒരു വീഡിയോയാണ് ഇതെന്നാണ് മിക്കവരും നല്കുന്ന കമന്റുകള്‍.
ഹമ്മേ... ചിരിച്ച് ചത്ത്
Creativity സമ്മതിക്കണം.#EMPURAAN pic.twitter.com/ocipOgZPkz— ശകുന്തള Shaku (@shakunthaIa) February 26, 2025
മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോയില്‍ അവസാനമായി വന്നത് സയിദ് മസൂദ് എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു. മുരളി ഗോപി എഴുതുന്ന ഏതൊരു കഥാപാത്രത്തെ പോലെയും പൃഥ്വിരാജിന്റെ സയിദ് മസൂദിനും ഒരു കഥയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘‘ഈ ഫ്രാഞ്ചൈസിലെ ആദ്യ ഭാഗമായ ലൂസിഫര്‍ എന്ന സിനിമയില്‍ ലോകത്തിലെ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് കണ്ട്രോള് ചെയ്യുന്ന ഒരു ഇന്‍ഫേമസ് നെക്സസ് ആയ ഖുറേഷി അബ്റാം എന്ന നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പ് അല്ലെങ്കില്‍ അവരുടെ ഹിറ്റ് ഫോഴ്സിന് നേതൃത്വം നല്കുന്ന ഒരു മേഴ്സണറി കമാന്‍ഡര്‍ ആയിട്ടാണ് നിങ്ങള്‍ സെയിദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമെ നിങ്ങള്‍ സെയിദ് മസൂദിനെ ആ സിനിമയില്‍ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഈ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെ പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയിദിനുമുണ്ട് അയാളുടെ ഒരു ഭൂതകാലം. അയാളുടെ ഒരു കഥ. അയാളുടേതായിരുന്ന ഒരു ലോകം. ആ കഥയെന്തായിരുന്നെന്നും ആ ലോകമെന്തായിരുന്നെന്നും ആ പാസ്റ്റ് എന്തായിരുന്നെന്നും ആ ലോകത്തേക്ക് എങ്ങനെയാണ് ഖുറേഷി അബ്റാം കടന്ന് വന്നതെന്നും നിങ്ങള്‍ വളരെ ബ്രീഫായ ഈ രണ്ടാം ഭാഗമായ എംപുരാന് എന്ന സിനിമയില്‍ നിന്ന് മനസിലാക്കും...’’ സയിദ്മസൂദിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്, അര്ജുന് ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന് നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ക്യാരക്ടര്‍ പോസ്റ്റിലൂടെ മനസ്സിലാകുന്നുണ്ട്.
സ്റ്റീഫൻ നെടുമ്ബള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്.






