
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സെക്കൻ്റ് ഷോ സിനിമ കണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്ക് മടക്കം പരിപാടിയുമായി ജില്ലാ റൂറൽ പോലീസ്. റൂറൽ ജില്ലയിലെവിടെയും ഏത് പാതിരാത്രിക്കും സ്ത്രീകൾക്ക് തനിച്ച് സഞ്ചരിക്കാൻ കഴിയുമെന്ന ഉത്തമ ബോധ്യം ഓർമപ്പെടുത്തലാണ് ഉറപ്പ് @ a walk with moon എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടി മൈ സിനിമാസ്, ആശിർവാദ് സിനിമാസ്, മാതാ - മാധുര്യ തീയറ്ററുകൾ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. വീട്ടമ്മമാർ, വനിതാ മാധ്യമ പ്രവർത്തകർ, വനിതാ പ്രൊഫഷണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ എന്നിവർക്ക് ശനിയാഴ്ച്ച സെക്കൻ്റ് ഷോയ്ക്ക് റൂറൽ ജില്ലയിലെ തിരഞ്ഞെടുത്ത തീയറ്ററുകളിൽ റൂറൽ പോലീസ് സിനിമാ ടിക്കറ്റ് നൽകും.
വനിതകൾ മാത്രം വന്ന് സിനിമ കണ്ട് വർത്തമാനം പറഞ്ഞ്, കട്ടനടിച്ച്, കപ്പലണ്ടി കൊറിച്ച് തിരിച്ച് പോകും.ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ല എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.





