
വയനാട്: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തേക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ സമ്മതപത്രം നല്‍കാതെ ദുരന്തബാധിതരില്‍ ഭൂരിഭാഗം പേരും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ എട്ടു പേര് മാത്രമാണ് സമ്മതപത്രം നല്‍കിയിട്ടുള്ളത്. പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലാണ് പ്രതിഷേധം.
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടേതാണ് നിലപാട്. ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാമെന്നാണ് സര്‍ക്കാരിന്റെ പാക്കേജിലെ പ്രഖ്യാപനം. താല്പര്യമില്ലാത്തവര്ക്ക് പതിനഞ്ച് ലക്ഷം നല്‍കും. എന്നാല്‍ സര്‍ക്കാര്‍ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും അതുകൊണ്ട് ഈ നിര്‍ദേശത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ സമ്മതപത്രം നല്കാന് ആവശ്യപ്പെട്ടിരിക്കെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പത്ത് സെന്റ് ഭൂമിയും വീടുമോ അല്ലെങ്കില്‍ 40 ലക്ഷം രൂപയോ വേണമെന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. അത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റിയിലെ ദുരന്തബാധിതര്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ വ്യക്തമാക്കി. 24 ആം തീയതി വരെയാണ് സമ്മതപത്രം നല്കാന് സമയമുള്ളത്. ഇന്നലെ കളക്ടര്‍ ആദ്യഘട്ട ലിസ്റ്റിലെ 125 ദുരന്തബാധിതരുടെ യോഗം വിളിച്ചതില്‍ 13 പേര് മാത്രമേ സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കിയിട്ടുള്ളൂ.






