
കൊച്ചി: നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം എന്‍സിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു. എന്‍സിപി യിലുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാര്‍ട്ടിയില്‍ പുനഃസംഘടന ഉണ്ടാകുമെന്നും ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം കൂട്ടിചേര്‍ത്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പക്ഷെ പി സി ചാക്കോയുടെ അസാന്നിധ്യം ശ്രദ്ധേയമാകുകയും ചെയ്തു.
പി സി ചാക്കോ ചടങ്ങില്‍ പങ്കെടുക്കാതെ പോയത് എന്ത്കൊണ്ടാണെന്ന ചോദ്യത്തിന് അക്കാര്യം അദ്ദേഹത്തോട് ചോദിക്കാനായിരുന്നു മറുപടി. അദ്ദേഹത്തിനുണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഒരു വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. പാര്‍ട്ടി സംബന്ധമായ കാര്യങ്ങളില്‍ ഇനി ഒറ്റയ്ക്ക് തീരുമാനം എടുക്കില്ല എന്നും കമ്മറ്റികൂടിയായിരിക്കും തീരുമാനിക്കുക.
ആന്റണി രാജു തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ നിങ്ങള്‍ ഹാജരാക്കണമെന്നും അത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെളിവുണ്ടെങ്കില്‍ കേസ് കൊടുക്കാനും തയ്യാറാണെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപിയില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. ചില വിഷയങ്ങള്‍ ഉള്ളത് പരിഹരിക്കപ്പെടും. മന്ത്രിയുമായും മറ്റ് പ്രശ്നങ്ങള്‍ ഇല്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ഉണ്ടെന്നും അത് ഉടന്‍ പ്രഖ്യാപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.






