
ഓയൂര്‍: കാര്‍ഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെ കാലഘട്ടത്തെ അനുസ്മരിക്കുന്ന വെളിനല്ലൂര്‍ വയല്‍ വാണിഭവും ഇതിനോട് അനുബന്ധിച്ച് ക്ഷേത്രത്തിന് മുമ്പില്‍ മത്സ്യക്കച്ചവടവും നടന്നു.
ഇണ്ടിളയപ്പന് ക്ഷേത്രത്തിന് സമീപമുള്ള വയലേലകളിലും തെങ്ങിന് തോപ്പുകളിലുമായാണ് വയല്‍ വാണിഭം നടക്കുന്നത്. ഇത് തെക്കേ വയല്‍ വാണിഭം എന്നറിയപ്പെടുന്നു. മീനമാസത്തിലെ കാര്‍ത്തിക മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് കാളവാണിഭം.നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് വയല്‍ വാണിഭം നടക്കുന്നത്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഇണ്ടിളയപ്പന് ക്ഷേത്രത്തില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ ഒത്തുകൂടും. ആചാരത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പ്രതീകമായി ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം നടത്തും. കാളവാണിഭത്തോടൊപ്പം കാര്‍ഷിക വിളകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വിപണനവും നടക്കും.ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ പേരും ഉപ്പും ചുണ്ണാമ്പും വാങ്ങിയണ് മടങ്ങുന്നത്. ഇത് അടുത്ത വര്‍ഷത്തെ രോഹിണി നാളുവരെ വീട്ടില്‍ സൂക്ഷിച്ചാല്‍ സദ്ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
