
ന്യൂഡല്‍ഹി: ഭീകരതയ്ക്ക് എതിരേ ശക്തമായ താക്കീതായി മാറിപ്പോള്‍ തന്നെ ഇന്ത്യയുടെ സൈനികശക്തിയെക്കുറിച്ച് സംശയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇന്നലെ പുലര്‍ച്ചെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം. പാകിസ്താനിലെ ഒമ്പത് ഭീകരക്യാംപുകളിലായിരുന്നു ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിക്കാതെ തന്നെ ഓപ്പറേഷന് സിന്ദൂറിലൂടെ നടപ്പാക്കിയത്.
ആയുധശേഖരത്തില്‍ സമ്പന്നമായ ഇന്ത്യയുടെ പക്കല്‍ ശക്തിയേറിയ നിരവധി മിസൈലുകളുണ്ടെന്ന് തെളിയിച്ച ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് റഫാല്‍ വിമാനങ്ങളും. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളില്‍ കനത്തനാശമുണ്ടാക്കിയത് വിദേശ നിര്‍മിതമായ സ്കാള്‍പ് മിസൈലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്റ്റോം ഷാഡോ എന്ന ചെല്ലപ്പേരില്‍ വിളിക്കുന്ന മിസൈല്‍ ബ്രിട്ടീഷ് എയറോസ്പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേര്‍ന്നാണ് വികസിപ്പിച്ചത്. എന്നും ഫ്രാന്‍സില്‍ സ്കാള്‍പ്പ് ഇജി എന്നും വിളിക്കുന്നു.
ഏകദേശം 1300 കിലോഗ്രാം ഭാരമുള്ള ഇതിന്റെ ബോഡി 48 സെന്റീ മീറ്റര്‍ വ്യാസമുള്ളതാണ്. 304 സെന്റീമീറ്റര്‍ വലിപ്പമുള്ള ചിറകുകള്. 250 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ സ്കാള്‍പിന് ഇതൊക്കെ ധാരാളം. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 2016 ല്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ച കരാറില്‍ സ്കാള്‍പ്പ് മിസൈലുകള്‍ ഉള്‍പ്പെടുന്ന ആയുധ പാക്കേജും ഉണ്ടായിരുന്നു.
വ്യോമസേനയുടെ കൈവശമുള്ള ഓരോ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കും രണ്ട് സ്കാള്‍പ്പ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഇതൊരു ഫയര്‍ ആന്റ് ഫൊര്‍ഗെറ്റ് മിസൈലാണ്. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പ് അടിസ്ഥാനമാക്കിയാണ് സ്കാള്‍പ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. മിസൈലിലെ ഇന്‍ഫ്രാറെഡ് ക്യാമറയുടെ പ്രവര്‍ത്തനം ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയുകയും അത് തകര്‍ക്കുകയും ചെയ്യും.
2003 ലെ ഇറാഖ് യുദ്ധത്തിലും 2011 ലെ ലിബിയന്‍ ആഭ്യന്തര യുദ്ധത്തിലെ സൈനിക ഇടപെടലിലും ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കല്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ സ്വയം വിചാരിച്ചാല്‍ പോലും തിരുത്താനാകില്ലെന്ന സിനിമാ ഡയലോഗ് പോലെയാണ് പ്രവര്‍ത്തനം. ഈ മിസൈല്‍ ഒരു തവണ ലക്ഷ്യസ്ഥാനം ടാര്‍ഗെറ്റ് കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കാനോ നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങള്‍ മാറ്റാനോ സാധിക്കില്ല.
