
കല്‍പ്പറ്റ: കേരളത്തെ മുഴുവന്‍ ഞെട്ടിച്ച് അനേകം മനുഷ്യരുടെ ജീവിതം തന്നെ മാറ്റിമറിച്ച മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിന് ഇന്ന് ഒരു വര്‍ഷം. 2024 ജൂലൈ 30-ന് പുലര്‍ച്ചെയാണ് വയനാട്ടിലെ കാര്ഷികഗ്രാമവും അവിടുത്തെ അനേകം ജീവിതങ്ങളും പ്രളയജലം കൊണ്ടുപോയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുള്‍പൊട്ടലില്‍ 298 പേരുടെ ജീവനാണ് നഷ്ടമായത്. 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇ ക്കാര്യത്തില്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം തന്നെ പുനരധിവാസത്തിന് ഒരു വീടുപോലും നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ലെന്ന രൂക്ഷ വിമര്‍ശനം സര്‍ക്കാര്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം.
ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന മാതൃകാഭവനത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിയില്‍ ഇരുനിലയാക്കാന്‍ കഴിയുന്ന അടി ത്തറയോടെയാണ് കെട്ടിടം പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാകും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് വേണ്ടാത്തവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും.
ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.
