
ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടന് മധുവിന് 92 വയസ്സ് തികഞ്ഞത്. മലയാള സിനിമയുടെ കാരണവർക്ക് 92-ാം പിറന്നാൾ ആശംസകള് നേര്ന്ന് സിനിമാമേഖലയിലുള്ള മിക്ക ആളുകളും ഗായകരും അണിയറപ്രവര്ത്തകരും ആരാധകരുമടക്കം സോഷ്യല് മീഡിയയില് എത്തിയിരുന്നു. ഒപ്പമുള്ള ചിത്രങ്ങളും മധുവിനൊപ്പം പങ്കിട്ട നിമിഷങ്ങളും സംസാരങ്ങളുമൊക്കെ ഓര്ത്തെടുത്തായിരുന്നു പലരുടെയും കുറിപ്പ്. അക്കൂട്ടത്തില് ഗായകന് ജി. വേണുഗോപാല് കുറിച്ച പോസ്റ്റ് വലിയ ചര്ച്ചകളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു.
ചര്ച്ചായി മാറിയത് കവിയും സംവിധായകനുമായ ശ്രീകുമാരന് തമ്പി സോഷ്യല് മീഡിയയില് കുറിച്ച രൂക്ഷ വിമര്ശനത്തെത്തുടര്ന്നാണ്. വേണുഗോപാല് കുറിച്ചത് വാസ്തവിരുദ്ധമായ കാര്യങ്ങളാണെന്നും ഗായകന് ജി വേണുഗോപാല് അറിയാത്ത കാര്യങ്ങള് പറയുന്നത് ശീലമാക്കരുതെന്നുമാണ് ശ്രീകുമാരന് തമ്പി കുറിച്ചത്. പോസ്റ്റിലെ തെറ്റുകള് ചൂണ്ടിക്കാട്ടി നടന് മധുവിനെ പുകഴ്ത്തുകയാണെന്ന മട്ടില് അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് വേണുഗോപാല് നടത്തിയ ചില പരാമര്ശങ്ങളെയാണ് രൂക്ഷമായ ഭാഷയില് ശ്രീകുമാരന് തമ്പി വിമര്ശിച്ചത്.
ഇപ്പോഴിതാ ഗായകൻ ജി വേണുഗോപാല് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിരിക്കുകയാണ്. പോസ്റ്റിലെ തെറ്റായ വിവരങ്ങള്ക്ക് ഖേദം പ്രകടിപ്പിച്ചാണ് ജി. വേണുഗോപാലിന്റെ പോസ്റ്റ്.
‘‘അഭിവന്ദ്യനായ നടൻ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാൻ എന്റെ ഫേസ് ബുക്ക് പോസ്റ്റിൽ എഴുതിയ ചില പരാമർശങ്ങൾ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരു സ്ഥാനീയനുമായ ശ്രീകുമാരൻ തമ്പി സാർ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്...വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതിൽ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാർക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു...’’ എന്നാണ് ശ്രീകുമാരന് തമ്പിയുടെ പോസ്റ്റിനു താഴെ കമന്റായി വേണുഗോപാല് കുറിച്ചത്.
ജി വേണുഗോപാല് പങ്കുവെച്ച പോസ്റ്റിലെ പ്രതിഷേധം മധുവിന്റെ മകള് ഉമാ നായരും കമന്റില് കുറിച്ചിരുന്നു. 92 വര്ഷം അന്തസ്സോടെ ജീവിച്ചയാളെ തരംതാഴ്ത്തിയത് കണ്ടപ്പോള് ദുഃഖം തോന്നിയെന്നാണ് മധുവിന്റെ മകള് ഉമാ നായർ നല്കിയ മറുപടി. ‘‘യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ...’’ എന്നാണ് മകള് കുറിച്ചത്.
മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വേണുഗോപാല് എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന് തമ്പിയുടെ വിമര്ശനം. വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങള് വേണുഗോപാല് എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി കുറിച്ചിരുന്നു. ഈ വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് ജി വേണുഗോപാല് തന്റെ പോസ്റ്റ് തിരുത്തിയത്.
സുദീര്ഘമായിരുന്നു ശ്രീകുമാരന് തമ്പിയുടെ പോസ്റ്റ്. അതില് ജി. വേണുഗോപാല് കുറിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായിത്തന്നെ ശ്രീകുമാരന് തമ്പി എഴുതിയിരുന്നു. ‘‘ജി വേണുഗോപാൽ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ‘ഉണരുമീ ഗാനം...’ എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളിൽ ഒന്ന് . പക്ഷെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിൻെറയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാൻ സാധിച്ചില്ല. ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്.
ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ ഇതിവിടെ പറയാൻ കാരണം, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്. കഴിഞ്ഞ അറുപതു വർഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവർത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്ക്കാതിരിക്കാനാവില്ല. ഞാൻ സംവിധാനം ചെയ്ത ഇരുപത്തൊൻപത് പടങ്ങളിൽ പത്ത് പടങ്ങളിൽ നായകൻ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടൻ നിർമ്മിച്ച പല ചിത്രങ്ങൾക്കും പാട്ടെഴുതിയത് ഞാൻ ആയിരുന്നു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്.







Comments