
രാജ്യം മുഴുവന്‍ ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇതിനിടയില്‍ ദീപാവലി അലങ്കാരവുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. വീടുകള്‍ അലങ്കരിച്ചും പടക്കം പൊട്ടിച്ചും ദീപാവലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍. ഇപ്പോഴിതാ ഒരു ദീപാവലി അലങ്കാരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ 23 മില്ല്യണിലധികം ആളുകള്‍ കണ്ട് തരംഗമായി തീര്‍ന്നിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് നഗരത്തിലെ വിവിധ ബഹുനിലകെട്ടിടങ്ങളില്‍ ബള്ബുമാലകളിട്ട് ആളുകള്‍ അലങ്കരിച്ചിരിക്കുന്നതാണ്. എന്നാല്‍, ഓരോ കെട്ടിടത്തിലൂടെയും ഓരോ ബാല്ക്കണിയിലൂടെയും സഞ്ചരിക്കുന്ന ക്യാമറ അവസാനം ഒരു ബാല്‍ക്കണിയില്‍ എത്തിച്ചേരുന്നു. എല്ലായിടത്തും നിറയെ ബള്‍ബുമാലകളും വെളിച്ചങ്ങളുമാണെങ്കില് ആ ബാല്‍ക്കണയില്‍ കാണുന്നത്. പച്ചനിറത്തിലുള്ള ഒരൊറ്റ ചെറിയ ബള്‍ബുമാല ഇട്ടിരിക്കുന്നതാണ്. 'ലോ ബജറ്റ് ദീപാവലി ഡെക്കറേഷന്' എന്നാണ് സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍സ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നോയിഡയില്‍ നിന്നുള്ള വ്ലോഗറായ കരുണ്‍ ലക്ഷ്യയാണ് വീഡിയോ ഷെയര്‍ ചെയ്തത്. 'മാഡി' എന്നറിയപ്പെടുന്ന വ്ലോഗര്‍ ചിരിയടക്കാനാവാതെയാണ് ഡെക്കറേഷന്റെ വീഡിയോ ഷെയര്‍ ചെയ്തത്. 'ഒരു മടിപിടിച്ച യുവാവിന്റെ ദീപാവലി അലങ്കാരം' എന്നും പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും, വീഡിയോ വൈറലായി മാറിയതോടെ മാഡിയും ഭാര്യയും കുറച്ച് ലൈറ്റുകള്‍ ദീപാവലി സമ്മാനമായി കരുതി ആ അപാര്ട്മെന്റില് കയറിച്ചെന്നു.
ഡോര്‍ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഒരു യുവാവായിരുന്നു. മാഡിയെ കണ്ടതോടെ യുവാവ് ചിരിക്കാന്‍ തുടങ്ങി. കാരണം അയാളും തന്റെ ബാല്‍ക്കണിയിലെ ലൈറ്റ് വൈറലായത് അറിഞ്ഞിരുന്നു. യാഗേശ്വര്‍ എന്നായിരുന്നു യുവാവിന്റെ പേര്. യുവാവ് പറഞ്ഞത്, വര്‍ഷത്തില്‍ 12 മാസവും ബാല്‍ക്കണിയില്‍ ആ പച്ച ലൈറ്റുകള്‍ അങ്ങനെ തന്നെയുള്ളതാണ് എന്നും പുതുതായി നടത്തിയ ദീപാവലി അലങ്കാരമല്ല എന്നുമാണ്. മാത്രമല്ല, അവിടെ ചെടികള്‍ ഉള്ളതുകൊണ്ടാണ് താനും തന്റെ ഫ്ലാറ്റ്മേറ്റുകളും അവിടെ ലൈറ്റുകള്‍ വയ്ക്കാതിരുന്നത് എന്നും യാഗേശ്വര്‍ പറഞ്ഞു.
എന്തായാലും, നെറ്റീസണ്‍സിനിടയില്‍ പൊട്ടിച്ചിരി പടര്‍ത്തിയ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്. 'കുറഞ്ഞത് അദ്ദേഹം ദീപാവലി ഡെക്കറേഷന് ഒരുക്കുകയെങ്കിലും ചെയ്തല്ലോ' എന്നായിരുന്നു ഒരു യൂസര്‍ അഭിപ്രായപ്പെട്ടത്. മറ്റ് ചിലര്‍ പറഞ്ഞത്, 'യുവാവ് വര്‍ക്ക് ഫ്രം ഹോം ജീവനക്കാരനായിരിക്കും' എന്നാണ്. യോഗേശ്വറിനെ സമ്മാനവുമായി ചെന്ന് കാണുന്ന വീഡിയോയും മാഡി ഷെയര്‍ ചെയ്തിട്ടുണ്ട്.






