
മലയാളത്തിലെ ഏറ്റവും സീനിയേഴ്സായ അഭിനേതാക്കള്‍ ഉള്‍പ്പെടെ ഈ തലുറയിലേയും ഏറെ ജനപ്രിയരായ അഭിനേതാക്കളെയും അണിനിരത്തി അവതരിപ്പിക്കുന്ന ചിത്രമാണ് 'ബഷീറിന്റെ പ്രേമലേഖനം.'
യുവതലമുറയിലെ ശ്രദ്ധേയനായ അനീഷ് അന്‍വര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നു. മധുവും ഷീലയും ഉള്‍പ്പെടെ മലയാളത്തിന്റെ സീനിയേഴ്സായ അഭിനേതാക്കള്‍.
ഫര്ഹാന് ഫാസിലും സന അല്ത്താഫിലും എത്തിനില്‍ക്കുന്ന പുതിയ തലമുറക്കാരുടെ സംഗമം.
ഫോര്‍ട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അല്‍ത്താഫ് മുഹമ്മദും പി.എം. അന്‍സാരിയും നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഫര്ഹാന് ഫാസില്‍ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.
ഇക്കുറി മുഖ്യധാരാ സിനിമയിലൂടെയാണ് ബഷീറിന്റെ പ്രേമലേഖനത്തിലെ ബഷീറാകുന്നത്.
ആദ്യ ചിത്രത്തിന്റെ അവതരണത്തില്‍നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടും അവതരണവുമാണ് ഈ ചിത്രത്തിന്റേത്. അതിലേറെ പ്രകടമായ വ്യത്യാസമെന്നത് ബോക്സ് ഓഫീസ് വിജയത്തെ ആസ്പദമാക്കിയുള്ള ഫോര്‍മുലകള്‍ കൂട്ടിയിണക്കി എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആകര്‍ഷകമായ വിധത്തിലുള്ള ഒരു ക്ലീന്‍ എന്റര്ടെയ്ന്മെന്റായിരിക്കും ഈ ചിത്രം.
'മറിയംമുക്ക്' എന്ന ചിത്രത്തിലൂടെയാണ് സന നായികയാകുന്നത്. തുടര്‍ന്ന് ഒരു തമിഴ് ചിത്രം. ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനം. ആദ്യചിത്രത്തില്‍ നായകന് ഫഹദ്, അടുത്ത ചിത്രത്തില്‍ നായകന് സഹോദരന് ഫര്ഹാന്. ഇതും ഒരു കൗതുകംതന്നെ.
കരാട്ടെയില്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായ നടികൂടിയാണ് സന. എണ്പതു കാലഘട്ടങ്ങളില്‍ അധികം പരിഷ്കാരങ്ങള്‍ കടന്നുവരാത്ത ഒരു ഏറനാടന്‍ ഗ്രാമത്തിലെ യാഥാസ്ഥിതിക ചിന്താഗതികളുള്ള ഒരു മുസ്ലീം തറവാട്ടിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
'ചക്കരക്കടവ്' എന്ന ഗ്രാമം. ഈ ഗ്രാത്തിന്റെ ഒരു പൊതു ആവശ്യവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥാവികസനം. ഇത് നാട്ടുകാര്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുമെല്ലാം കാരണമാകുന്നു. നാട്ടുകാര്‍ രണ്ടു ചേരികളാകുന്നു. ഇതെല്ലാം ഒരു പ്രണയത്തെ സാക്ഷിയാക്കുന്നിടത്താണ് ചിത്രം പുതിയ വഴിത്തിരിവിലേക്ക് നയിക്കുന്നതും.
ഈ ഗ്രാമത്തില്‍നിന്നും പട്ടണത്തില്‍ പോയി പഠിച്ചുവന്ന ഏക ചെറുപ്പക്കാരനാണ് ബഷീര്‍. റേഡിയോ മെക്കാനിസമൊക്കെ ഈ ചെറുപ്പക്കാരന് വശത്താക്കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയുള്ള വിദ്യകള്‍ അറിയാമെന്നതിനാല്‍ ബഷീറിന് നാട്ടുകാര്‍ക്കിടയില്‍ അല്പം മതിപ്പുമുണ്ട്.
നാട്ടിലെ പ്രശസ്തമായ കുന്നത്തു ഹുസൈന് ഹാജിയുടെ മകള്‍ സുഹ്്റയുമായി ബഷീര്‍ പ്രണയത്തിലാകുന്നു. ഈ നാട്ടിലെ തന്നെ ഒരു പ്രധാന സാമൂഹ്യ വിഷയമായിരുന്നു ഈ പാലം പണിയുക എന്നത്. ഈ വിഷയത്തില്‍ നാട്ടുകാര്‍ രണ്ടു ചേരികളിലാകുന്നു. ഇതിലൊരു ചേരിയുടെ പ്രധാന ശക്തിയാണ് കുന്നത്ത് ഹുസൈന് ഹാജി.
അതുപോലെ തന്നെ എതിര് ചേരിയും ശക്തം. ഈ പ്രണയവും ഇവിടെ നാട്ടുകാരെ രണ്ടു ചേരികളിലാക്കാന് അവസരമുണ്ടായിരുന്നു. ഇതിനിടയിലൂടെ വികസിക്കുന്ന ഈ പ്രണയത്തിനും ഏറ്റവും മധുരമുണ്ട്. ഇതെല്ലാം ഏറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു പ്രേമലേഖനമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജോയ് മാത്യു, ഹരീഷ് കണാരന്, സുനില്‍ സുഖദ, നോബി, ശ്രീജിത്ത് വി, മണികണ്ഠന് (കമ്മട്ടിപ്പാടം ഫെയിം), നിഥിന്, നസീര്‍ സംക്രാന്തി, സൂരജ് ഹാരിഷ്, ഗായിക രഞ്ജിനി ജോസ്, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ആശാ അരവിന്ദ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഷിനോദ് ശിവം, ബിപിന്‍ കെ. പൗലോസ്, ഷംസീര്‍ അഹമ്മദ് എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്, വേണുഗോപാല്‍, അര്‍ഷിദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് വിഷ്ണു മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.
സഞ്ജയ് ഹാരിഷ് ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച്റിവര് എഡിറ്റിംഗു നിര്‍വഹിക്കുന്നു. കലാസംവിധാനം- ത്യാഗു തവന്നൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, കോസ്റ്റിയൂം ഡിസൈന്‍- സുനില്‍ റഹ്മാന്, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനുരാജ് മനോഹര്‍, പ്രേംനാഥ്, സഹസംവിധാനം- അജ്മല്‍, ശ്രീജിത്ത്, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബിജു അഗസ്റ്റിന്, പ്രൊഡക്്ഷന്‍ മാനേജര്‍ അനില്‍ കല്ലാര്‍. ഈ ചിത്രം പോര്‍ട്ട് എന്റര്ടെയ്ന്മെന്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
-വാഴൂര്‍ ജോസ്
ഫോട്ടോ: ശ്രീജിത്ത് ചെട്ടിപ്പടി






