
പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, സ്വന്തം താടിയെയും മീശയെയും ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളാക്കി കൊത്തിയെടുത്ത ഒരു യുവാവിനെ നിങ്ങള്‍ ആദ്യമായിട്ടാരിക്കും കാണുന്നത്. ഈ ബ്രിട്ടീഷ് യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. അതിമനോഹരമായ ഈ രൂപമാറ്റത്തിന് പിന്നിലെ അര്‍പ്പണബോധത്തെയും ക്ഷമയെയും .സോഷ്യല്‍ മീഡിയയില്‍ പ്രശംസകൊണ്ട് മൂടുകയാണ്.
യു.കെ യില്‍ നിന്നുള്ള ഈ യുവാവ്, താടിയില്‍ അക്ഷരങ്ങള്‍ ഉണ്ടാക്കികൊണ്ട് ക്രിയാത്മകതയെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. താടിയില്‍ ഓരോ അക്ഷരവും രൂപപ്പെടുത്തുന്ന പ്രക്രിയ അതിസൂക്ഷ്മവും അതീവ ക്ഷമ ആവശ്യമുള്ളതുമായിരുന്നു. വൈറലായ ക്ലിപ്പിന്റെ തുടക്കത്തില്‍ 'A' എന്ന അക്ഷരത്തില്‍ കൊത്തിയെടുത്ത താടിയും മീശയുമാണ് കാണിക്കുന്നത്. തുടര്‍ന്ന് ഓരോ ഫ്രെയിമിലും 'B', 'C' എന്നിങ്ങനെ 'Z' വരെയുള്ള ഓരോ അക്ഷരവും പ്രത്യക്ഷപ്പെടുന്നു. എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ രൂപമാറ്റം സാധ്യമാക്കിയത് വളരെ കാത്തിരുന്നതിന് ശേഷമാണ്.
ഓരോ അക്ഷരവും രൂപപ്പെടുത്തുന്നതിനായി യുവാവ് ആദ്യം താടിയും മീശയും പൂര്‍ണ്ണമായും വളര്‍ത്തിയെടുത്തു. തുടര്‍ന്ന്, ഓരോ അക്ഷരത്തിനും ആവശ്യമുള്ള കൃത്യമായ രൂപത്തിലേക്ക് അത് ട്രിം ചെയ്തെടുക്കുന്നു. ഇത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ശേഷം അടുത്ത അക്ഷരത്തിനായി വീണ്ടും താടി വളര്‍ത്തുന്നു. അതായത്, 26 അക്ഷരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 26 തവണ താടി പൂര്‍ണ്ണമായി വളര്‍ത്തി. വളഞ്ഞ അക്ഷരങ്ങള്‍ക്കായി മീശ വളച്ച് ഏടുക്കുകയും, കോണുകളുള്ള അക്ഷരങ്ങള്‍ക്കായി താടി കൃത്യമായ ലൈനുകളില്‍ ട്രിം ചെയ്യുകയും ചെയ്തതിലെ കൃത്യത കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും നീണ്ട, അച്ചടക്കമുള്ള ദിനചര്യയുടെ ഫലമാണ് പൂര്‍ണ്ണതയുള്ള ഈ താടിമീശ അക്ഷരമാല.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിമാറിയത്. കാഴ്ചക്കാരുടെ പ്രതികരണങ്ങള്‍ പ്രശംസയും നര്‍മ്മവും അത്ഭുതവും ഇടകലര്‍ന്നതായിരുന്നു. തന്റെ താടിയോടുള്ള സ്നേഹവും അതിലുപരി ഇതിനെടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധതയും ഈ ബ്രിട്ടീഷ് യുവാവിനെ ലോകമെമ്പാടും ശ്രദ്ധേയനാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ ക്രിയാത്മകതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.






