
ക്രിസ്മസും പുതുവര്‍ഷവും ലോകമെമ്പാടും കൊണ്ടാടിയല്ലോ. എന്നാല്‍ ആസ്ത്രേലിയയില്‍ താമസിക്കുന്ന നടി ഗോപികയുടെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെയെന്ന് ഇവിടെയുള്ളവര്‍ക്ക് അറിയില്ല. ഭര്‍ത്താവായ ഡോക്ടര്‍ അജിയും മക്കളായ എമി, എയ്ഡന്‍ എന്നിവര്‍ അടങ്ങിയ കുടുംബം. ഈയിടെ ഗോപിക മദ്രാസില്‍ വന്നു.
? മുമ്പ് നിങ്ങള്‍ അയര്‍ലന്റില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ആസ്ത്രേലിയയിലും. ഈ രണ്ടു രാജ്യങ്ങളിലെ ക്രിസ്തുമസ് അനുഭവങ്ങള്‍ എന്തൊക്കെയാണ്.
ഠ അയര്‍ലന്റില്‍നിന്നും മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ആസ്ത്രേലിയയിലെ ബ്രിസ്ബെണ് സിറ്റിയിലേക്ക് ഞങ്ങള്‍ താമസം മാറിയത്. ആഘോഷങ്ങളില്‍ അവിടെയും ഇവിടെയും തമ്മില്‍ വ്യത്യാസമുണ്ട്. അയര്‍ലന്റില്‍ വെള്ള ക്രിസ്മസാണ്. കാരണം 24 മണിക്കൂറും മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കും. എവിടെ നോക്കിയാലും ധവളിമയാണ്.
ആ രാത്രി പുറത്തിറങ്ങി സഞ്ചരിക്കുക വിവരിക്കാനാവാത്ത അനുഭവമാണ്. ആസ്ത്രേലിയയിലെ കാലാവസ്ഥ നേരെ മറിച്ചാണ്. നവംബര്‍ മുതല്‍ ജനുവരി വരെ ഇവിടെ നമ്മുടെ ധനു, മകരം പോലെ സുഖകരമായ കാലാവസ്ഥയാണ്. ഇവിടെ ക്രിസ്മസ് ആഘോഷിക്കാന്‍ ഒക്ടോബറില്‍ തന്നെ തയാറാകുന്നു.
നവംബറില്‍ ഏര്‍പ്പാടൊക്കെ അവസാനിപ്പിച്ച് കുഞ്ഞുങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്കിത്തുടങ്ങുന്നു. ഇന്ത്യയില്‍ എന്റെ ബാല്യകാല ക്രിസ്മസ് ദിനങ്ങളെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞവര്‍ഷം കേരളത്തില്‍ കുടുംബസമേതം എത്തി ആഘോഷിച്ച് ആഹ്ളാദിച്ചു മടങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരമായിരുന്നു.
? രണ്ടു മക്കളുമായി ദിവസങ്ങള്‍ എങ്ങനെ കഴിക്കുന്നു.
ഠ കുട്ടികളെ ശ്രദ്ധിക്കാന്‍ ദിവസം 24 മണിക്കൂര്‍ തികയാതെ വന്നിരിക്കുകയാണ്. അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എനിക്ക് മക്കളെക്കുറിച്ചുള്ള ടെന്‍ഷനേ ഇല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ പെടാപ്പാടിലാണ്. സ്കൂള്‍ ദിവസങ്ങളില്‍ രാവിലെ ആറുമണിക്ക് ഉണര്‍ന്നേ പറ്റൂ. ഭക്ഷണം പാകം ചെയ്തശേഷം മോളെ വിളിച്ചുണര്‍ത്തി സ്കൂളിലേക്ക് അയയ്ക്കേണ്ടുന്ന താറെടുപ്പിലാണ്.
അവളുടെ സ്കൂളില്‍ കാറില്‍ എത്തിച്ചേരാന്‍ അരമണിക്കൂറെങ്കിലും വേണ്ടി വരും. ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്ത് അവളെ സ്കൂളില്‍ എത്തിക്കുന്നത്. കാറില്‍ കേറാന്‍ മോനും നിര്‍ബന്ധം പിടിക്കാറുണ്ട്.
അങ്ങനെ മൂവരുമായിട്ടാണ് യാത്ര. മടങ്ങിവരുമ്പോള്‍ അജി ആശുപത്രിയിലേക്ക് പുറപ്പെട്ടിരിക്കും. തുടര്‍ന്ന് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ മധ്യാഹ്്നമാവും. മോളെ വിളിച്ചുകൊണ്ടുവരാന്‍ വീണ്ടും കാറില്‍ പുറപ്പെടുന്നു. ചുരുക്കം നടുകൊണ്ട് നിവര്ക്കാന് പോലും സമയം കിട്ടത്തില്ല.
? ഒരു നടിയെന്ന നിലയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന നിങ്ങള്‍ക്ക് ഈ തിരക്കേറിയ കുടുംബജീവിതം ദുഃസഹമായി തോന്നുന്നുണ്ടോ...
ഠ ഇല്ലേയില്ല. എന്റെ കുടുംബത്തിലെ ഓരോ നിമിഷവും എനിക്ക് സന്തോഷം പകര്‍ന്നുതരുന്നു. ഭര്‍ത്താവ്, മക്കള്‍, കുടുംബം എന്നിങ്ങനെ ജീവിതം സ്വച്ഛമായി ഒഴുകുന്ന ഒരു നദിപോലെയാണ്.
സിനിമയും കുടുംബവും വ്യത്യസ്തമായ ജീവിതമാണ്. രണ്ടിലും വ്യത്യസ്തമായ ബുദ്ധിമുട്ടുകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. അമ്മയെന്ന ഉത്തരവാദിത്വം വളരെ വലുതാണ്.
എന്നാലും സിനിമാ ജീവിതത്തേക്കാള്‍ ടെന്‍ഷന്‍ കുറവാണ്. ഒരു സിനിമയുടെ വിജയത്തിലും പരാജയത്തിലും ഒരു നടിക്ക് പങ്കുണ്ട്. പല കുടുംബങ്ങളുടെ ജീവിതങ്ങളും അതുമായി ബന്ധപ്പെട്ടിരിക്കും.








