
കോട്ടയം: പാലായിൽ തെരത്തെടുപ്പ് ചൂട് ഏറിയതോടെ ജോസ് കെ.മാണിക്ക് പകരം നിഷ ജോസ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. പാലായ്ക്ക് പകരം കടുത്തുരുത്തിയിലേക്ക് ജോസ് കെ. മാണി മാറുമെന്ന പ്രചരണവും ശക്തമാണ്. യു.ഡി.എഫ്. സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ മാണി സി.കാപ്പൻ നേരത്തെ തന്നെ പ്രചരണം ആരംഭിച്ചിരുന്നു. എൻ.ഡി എ സ്ഥാനാർത്ഥിയായി ഷോൺ ജോർജും മണ്ഡലത്തിൽ സജീവമായതോടെ പാലായിലെ മത്സരം ത്രികോണ പോരിലേയ്ക്ക് മാറിയിരുന്നു. ഇതിന് പിന്നലെയാണ് മത്സരിക്കുമെന്ന് കരുതിയിരുന്ന ജോസ് കെ. മാണിയുടെ പിൻമാറ്റം.
അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സജീവ സാന്നിധ്യമുണ്ട്. ഇതോടെയാണ് നിഷ സ്ഥാനാർഥിയാകുമോ എന്ന ആകാംക്ഷ പലരും പങ്കുവെച്ചിരുന്നു. ജോസ് ആകട്ടെ ഇതുവരെയും പാലായിൽ മത്സരിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല. നിഷ സ്ഥാനാർഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിൻ പാലായിൽ പാർട്ടി ചെയർമാൻ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന അടക്കംപറച്ചിലും പാർട്ടിയിലുണ്ട്.
ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. തൊട്ടടുത്ത ദിവസവും റോഷി ഇതാവർത്തിച്ചു. എന്നാൽ, ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് ജോസ് ആവർത്തിച്ചതോടെ പാർട്ടിയിൽ ജോസും റോഷിയും രണ്ട് വഴിക്കാണോ എന്ന സംശയവും ഉടലെടുത്തു.
രാജ്യസഭയിൽ ജോസിന് അടുത്ത വർഷം ഡിസംബർ വരെ കാലാവധി ബാക്കിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തോൽവി നേരിട്ടത് ഇത്തവണയും ആവർത്തിച്ചാൽ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണി ഭാര്യ നിഷയെ പാലായിൽ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികൾ കുറ്റപ്പെടുത്തുന്നത്. പാലായിൽ നിഷ സ്ഥാനാർഥിയാവുന്നതിനെ റോഷി അനുകൂലിക്കുന്നില്ല.
നിഷ പാലായിൽ സ്ഥാനാർഥിയാവുന്നത് റോഷി വിഭാഗം ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യതയില്ല. പാലായിൽ നിഷ വിജയിക്കുകയും ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാർട്ടിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമെന്ന് റോഷി വിഭാഗം കരുതുന്നു. അതിനാൽത്തന്നെ നിഷയെ പാലായിൽ മത്സരിപ്പിക്കാതിരിക്കാനുള്ള പ്രതിരോധം തീർക്കുകയാണ് അവർ.
