
ദിവ്യങ്ക ത്രിപാഠിയും വിവേക് ദാഹിയയും ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ‘ യെ ഹേ മൊഹബത്തേന്’ എന്ന സീരിയലിലെ ഇഷിത എന്ന അമ്മവേഷത്തിലൂടെയാണ് ദിവ്യങ്ക കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായത്. ഏറെ ജനപ്രീതി നേടിയ ഈ സീരിയലിലൂടെ ഏറെ താരമൂല്യമുള്ള അഭിനേത്രിയായി ദിവ്യങ്ക മാറി. ആ സീരിയലില്‍ ഒപ്പമഭിനയിച്ച വിവേക് ദഹിയയില്‍ ഒരു സുഹൃത്തിനെയും ലൈഫ് പാര്ട്നറെയും ദിവ്യങ്ക കണ്ടെത്തി. 2016 ജൂലൈ 8 ന് ഭോപ്പാലിൽ നടന്ന ഗംഭീരവും എന്നാല്‍ സ്വകാര്യവുമായ ചടങ്ങില്‍ വച്ചാണ് ദിവ്യങ്കയും വിവേകും വിവാഹിതരായത്.
ഇപ്പോഴിതാ പതിറ്റാണ്ട് തികഞ്ഞ തങ്ങളുടെ ദാമ്പത്യത്തില്‍ ഒരു പുതിയ ചാപ്റ്റര്‍ തുടങ്ങുവെന്ന സന്തോഷം പങ്കിടുകയാണ് ദിവ്യങ്ക. ജീവിതം ഏറ്റവും മനോഹരമായ അധ്യായം ചേർക്കുന്നുവെന്നും കാരണമില്ലാതെ എപ്പോഴും പുഞ്ചിരിക്കുന്നുവെന്നുമാണ് സന്തോഷം പങ്കിട്ട് ദിവ്യങ്ക കുറിച്ചത്.
‘‘10 വർഷങ്ങൾക്ക് ശേഷമുള്ള കഥാഗതിയുടെ വഴിത്തിരിവ്... ചില യാത്രകൾ തിരക്കുകൂട്ടുന്നതിനെക്കുറിച്ചല്ല...അവ ഒരുമിച്ച് തയ്യാറാകുന്നതിനെക്കുറിച്ചാണ്.
നിങ്ങളുടെ കഥ പൂർത്തിയായി എന്ന് നിങ്ങൾ കരുതുമ്പോൾ ജീവിതം ഏറ്റവും മനോഹരമായ അദ്ധ്യായം ചേർക്കുന്നു....ഇപ്പോഴും അതിൽ മുഴുകിയിരിക്കുന്നു... കാരണമില്ലാതെ ഇപ്പോഴും പുഞ്ചിരിക്കുന്നു...
നന്ദി നിറഞ്ഞ ഹൃദയത്തോടെ...വി ആര് എക്സ്പെക്ടിംഗ്....’’ എന്നാണ് വിവേകിനൊപ്പമുള്ള തന്റെ ബേബി ബമ്പ് ചിത്രങ്ങള്‍ പങ്കിട്ട് ദിവ്യങ്ക കുറിച്ചത്. സീരിയല്‍ ലോകത്തെ ദിവ്യങ്കയുടെയും വിവേകിന്റെയും സഹപ്രവര്‍ത്തകര്‍ താരദമ്പതിമാര്‍ക്ക് ആശംസകള്‍ പങ്കിട്ട് കമന്റുകള്‍ കുറിച്ചിട്ടുണ്ട്.
പൊതുവേദികളില്‍ ദിവ്യങ്ക പ്രത്യക്ഷപ്പെടാതിരിക്കാന്‍ തുടങ്ങിയതോടെ താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വച്ച് താരം ഇക്കാര്യം തുറന്നു പറഞ്ഞതോടെയാണ് ആരാധകരുടെ സംശയം മാറിയത്. ആറുമാസം ഒളിപ്പിച്ചു വച്ചുവെന്നും, ജൂണില്‍ കുഞ്ഞ് എത്തുമെന്നുമാണ് ദിവ്യങ്ക അഭിമുഖത്തില്‍ പറഞ്ഞത്. 2024 ൽ പുറത്തിറങ്ങിയ ദി മാജിക് ഓഫ് ഷിരി എന്ന വെബ് സീരീസിലാണ് ദിവ്യങ്ക ത്രിപാഠി അവസാനമായി അഭിനയിച്ചത്.






