
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൊച്ചു വീഡിയോയണ് എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്. പ്രശസ്ത ഗായിക ഫാല്‍ഗുനി പഥക്കിന്റെ 'സാവന്‍ മേ' എന്ന പാട്ടിലെ ഒരു രംഗം പുനരാവിഷ്കരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം. എന്നാല്‍, ഈ ട്രെന്‍ഡിനിടയില്‍ തികച്ചും വ്യത്യസ്തവും അതിമനോഹരവുമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സാബിത്രി യാദവ് എന്ന യുവതി.
കൈകള്‍ കൊണ്ട് താങ്ങാതെ തന്നെ തലയില്‍ ഇഷ്ടികകള്‍ ബാലന്‍സ് ചെയ്തുകൊണ്ടുള്ള അവരുടെ നൃത്തം കൗതുകത്തോടൊപ്പം തന്നെ അത്ഭുതവുമാണ് കാഴ്ചക്കാരില്‍ ഉളവാക്കുന്നത്. ജോലിസ്ഥലത്തെ കഠിനാധ്വാനത്തിനിടയിലും സഹപ്രവര്‍ത്തകനൊപ്പം ചേര്‍ന്ന് സാബിത്രി നടത്തുന്ന ഈ പ്രകടനം ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ്. യാതൊരു പ്രയാസവുമില്ലാതെ അവര്‍ ചുറ്റിക്കറങ്ങുമ്പോള്‍ മുഖത്ത് വിരിയുന്ന ആ നിഷ്കളങ്കമായ ചിരി വീഡിയോയുടെ മാറ്റുകൂട്ടുന്നു. 90 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോ, ഈ ട്രെന്‍ഡിലെ ഏറ്റവും മികച്ച വേര്‍ഷനായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
സാബിത്രിയുടെ അപാരമായ ബാലന്‍സിംഗ് കഴിവിനെയും ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 'യഥാര്‍ത്ഥ പ്രതിഭയും സന്തോഷവും പണം കൊടുത്തു വാങ്ങാന്‍ കഴിയില്ല' എന്നാണ് ആരാധകരുടെ പക്ഷം. കഠിനമായ തൊഴില്‍ സാഹചര്യങ്ങളിലും കലയെ നെഞ്ചേറ്റുന്ന സാബിത്രിയെ ഈ ട്രെന്‍ഡിലെ 'യഥാര്‍ത്ഥ വിജയി' എന്നാണ് നെറ്റീസണ്‍സ് വിശേഷിപ്പിക്കുന്നത്.






