
തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് ബിജെപി അദ്ധ്യക്ഷനായപ്പോള്‍ നല്കിയ വാഗ്ദാനം അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും കഴിഞ്ഞ 12 മാസം കൊണ്ട് എന്തും സാധ്യമാകുമെന്ന് നാം തെളിയിച്ചു കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ എത്താന്‍ പോകുകയാണെന്നും തനിക്കെതിരേ കോണ്‍ഗ്രസും സിപിഐഎമ്മും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതിന് കാരണം അധികാരത്തിലേക്ക് തന്റെ പാര്‍ട്ടി അടുക്കുന്നതിന്റെ സൂചനയാണെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്നും പറഞ്ഞു.
ബിജെപി - എന്‍ഡിഎ സര്‍ക്കാരിനെ കേരളത്തില്‍ അധികാരത്തില്‍ കൊണ്ടുവരുന്നത് വരെ വിശ്രമമില്ല എന്നായിരുന്നു ഒരു വര്‍ഷം മുമ്പ് ബിജെപി അദ്ധ്യക്ഷനായി എന്‍ഡിഎ യെ നയിക്കാന്‍ എത്തുമ്പോള്‍ താന്‍ നല്‍കിയിരുന്ന വാക്ക്. അന്ന് അത് വെറുതേ നടത്തിയ വായ്ത്താളം ആയിരുന്നില്ലെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെയും എന്‍ഡിഎയെയും അധികാരത്തില്‍ എത്തിച്ച് ചരിത്രവിജയം നേടി പ്രവര്‍ത്തിച്ചു കാണിച്ചുകൊടുത്ത കാര്യമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
ഈ സമയത്തിനിടയില്‍ കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും ചൂഷണ രാഷ്ട്രീയത്തെയും കള്ളത്തരവും തുറന്നുകാട്ടി ഇപ്പോള്‍ നമ്മള് അഴിമതി രഹിതവും വികസിതവുമായ കേരളത്തിന് അരികില്‍ എത്തി നില്‍ക്കുകയാണ്. ഈ സമയത്ത് തനിക്കെതിരേയുള്ള ആക്രമണവും കള്ളപ്രചാരവേലയും കൂടിയെന്നും ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ കുറിച്ചു. ഒരു കരുത്തനായ നേതാവിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും അയാള്‍ക്കെതിരേ നുണപ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് സിപിഐഎമ്മും കോണ്‍ഗ്രസും. ഇവര്‍ രണ്ടല്ല ഒന്നാണെന്നും കുറിച്ചു.
പക്ഷേ ഈ ആക്രമണങ്ങള്‍ തന്നെ ദുര്ബ്ബലപ്പെടുത്തുന്നില്ലെന്നും അത് തെറ്റുകള്‍ തിരുത്തി മുമ്പോട്ട് പോകാന്‍ കുടുതല്‍ കരുത്തു നല്കുകയയിരുന്നെന്നും പറഞ്ഞു. താന്‍ വന്നത് രാഷ്ട്രീയത്തില്‍ നിന്നുമല്ല, ദേശീയതയിലുള്ള വിശ്വാസത്തിലും രാജ്യത്തിന്റെ വിജയിക്കാനുള്ള പ്രതിഭാ വിലാസത്തില്‍ നിന്നുമാണെന്നും പറഞ്ഞു. കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ കിട്ടിയത് ഒരു പദവിയായിട്ടല്ല താന്‍ കാണുന്നതെന്നും നരേന്ദ്ര മോദിജിയുടെ വികസിതഭാരതമെന്ന കാഴ്ചപ്പാട് കേരളത്തിലെ എല്ലാവീടുകളിലും കൊണ്ടുവരാനാണെന്നും പറഞ്ഞു.
