
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്കിലൂടെയാണ് ശ്രീവിദ്യയെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതിമാർ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനൽ വഴിയും സോഷ്യൽ മീഡിയയിലൂടെയും ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ വ്യക്തിപരമായൊരു ദു:ഖമാണ് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. ആഗ്രഹിച്ച പലതും നേടിയെങ്കിലും തന്റെ ഉള്ളിൽ നിന്നും ആ സന്തോഷം തോന്നുന്നില്ലെന്നുമാണ് ശ്രീവിദ്യ പറയുന്നത്.
‘‘ജീവിതം എപ്പോഴും പെർഫെക്ട് അല്ല. അങ്ങനെ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നുമില്ല. അത്ര പെർഫെക്ട് ആയി ആരുടെയെങ്കിലും ജീവിതം പോകുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല. ഞാനെപ്പോഴും സന്തോഷമായിട്ടിരിക്കുന്നയാളാണ് എന്നാണ് എന്നെ അറിയാവുന്നവർ പറയാറ്.
ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവും ഇല്ലെന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവേ എന്നെക്കുറിച്ച് അങ്ങനെ ഒരഭിപ്രായമുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി വളരെ വലിയ സന്തോഷത്തിലാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് വീട് വെക്കുക എന്നത്. ആ സ്വപ്നം പൂവണിഞ്ഞു. വർക്ക് ലൈഫും നന്നായി പോകുന്നു. പുതിയൊരു ഷോയിൽ ജോയിൻ ചെയ്യാൻ പോകുന്നു. അതും ആഗ്രഹിച്ചൊരു ഷോ ആണ്. ഈ തിരക്കും ഞാൻ ആഗ്രഹിച്ചതാണ്.
പക്ഷേ, ഇതൊന്നും ആസ്വദിക്കാൻ പറ്റുന്നില്ല. ആർക്കെങ്കിലും ഇങ്ങനെയൊക്കെ തോന്നാറുണ്ടോ എന്നെനിക്ക് അറിയില്ല. ആഗ്രഹിച്ചതെല്ലാമുണ്ട്. പക്ഷേ, ശരീരമാണെങ്കിലും മനസാണെങ്കിലും അതിനെ സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ ദയവു ചെയ്ത് ആരെങ്കിലുമൊക്കെ എനിക്ക് പറഞ്ഞുതരിക...’’ എന്നാണ് ശ്രീവിദ്യ പറയുന്നത്.
ശ്രീവിദ്യയുടെ പോസ്റ്റിനു താഴെ നിരവധി പേർ കമന്റുകൾ കുറിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഭർത്താവ് രാഹുലിന്റെ കമന്റാണ്. "നമുക്ക് സെറ്റാക്കാം വാവേ..." എന്നാണ് രാഹുലിന്റെ കമന്റ്.
നടി അശ്വതി ശ്രീകാന്തും കമന്റ് ചെയ്തിട്ടുണ്ട്.
"ജീവിതത്തില്‍ ഒരുപാട് കാലം ഡൂയിങ് മോഡിലുണ്ടായിരുന്നവര് ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. ശരീരത്തിനും മനസിലും സ്പേസ് ആവശ്യാണ്. നെര്‍വസ് സിസ്റ്റത്തിന് ഇടയ്ക്ക് സ്ലോ ഡൗണ്‍ ചെയ്യേണ്ടതുണ്ട്. വേഗത കുറയ്ക്കുകയും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും കുറ്റബോധമില്ലാതെ വിശ്രമിക്കുകയും വേണം. ഈ സമയം തെറാപ്പി സഹായകരമായിരിക്കും... " എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.






