
നേമം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സന്ന്യാസിമാരെ കൊണ്ടുവന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവര്‍ തന്നെ വന്നു കണ്ടതായും കന്യാകുമാരിയിലേക്ക് പോകാന്‍ വണ്ടിക്കൂലി വാങ്ങിയെന്നും പറഞ്ഞു.
കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ നേമത്ത് മത്സരം മുറുകിത്തുടങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയതായി ഉയര്‍ന്നുവന്ന വിവാദമാണ് അഘോരി സന്യാസികളുമായി ബന്ധപ്പെട്ടത്.
കഴിഞ്ഞദിവസം നേമത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് അഘോരികളെ രംഗത്തിറക്കിയെന്നതാണ് പുതിയ വിവാദം. എന്നാല്‍ ഉത്തരപ്രദേശില്നിന്ന് കന്യാകുമാരിയിലേക്കു പോയ അഘോരി യാത്രാമധ്യേ തങ്ങളുടെ കുടുംബയോഗത്തിലെത്തി ബി.ജെ.പി. സ്ഥാനാര്‍ഥിയാണോ എന്ന് ചോദിച്ച് അടുത്തുവരുകയായിരുന്നുവെന്ന് വിശദീകരിച്ചു. അഘോരിയുടെ വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ കാശുചോദിച്ചപ്പോള്‍ അഞ്ഞൂറുരൂപ കൊടുത്തതായും അദ്ദേഹം പറഞ്ഞു.
നേരത്തേ രാജീവ് ചന്ദ്രശേഖര്‍ക്ക് എതിരേ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി രംഗത്തെത്തി. അഘോരികളെ പ്രചാരണത്തിനു കൊണ്ടുവന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അഘോരികള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല.
ഇനി വീടുകളില്‍ പ്രചാരണത്തിനു പോകുമോ എന്ന ഭയത്തിലാണ് ജനങ്ങളെന്നും സ്കൂള്‍ സമയത്ത് ഇവര്‍ ഇറങ്ങിയാല്‍ കുട്ടികള്‍ ഭയന്നുപോകുമെന്നും വി.ശിവന്‍കുട്ടി പരിഹസിച്ചു. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖര്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നും പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥനും രംഗത്ത് വന്നിരുന്നു.
