
മകള്‍ ഇവാരയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം ആതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ. എല്‍ രാഹുലും. മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആതിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
‘എന്റെ ജാനയ്ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍. ഞങ്ങളെ മാതാപിതാക്കളായി തിരഞ്ഞെടുത്തതിന് നന്ദി. വാക്കുകള്‍ക്കും ലോകങ്ങള്‍ക്കും അപ്പുറമാണ് നിന്നോടുളള സ്നേഹം’ ആതിയ കുറിച്ചു. സുനില്‍ ഷെട്ടി, അനുഷ്ക ശര്‍മ്മ, അനന്യ പാണ്ഡെ, മൃണാള്‍ താക്കൂര്‍, അഹാന് ഷെട്ടി,സൊനാക്ഷി സിന്‍ഹ, തുടങ്ങിയ നിരവധി സെലിബ്രിറ്റികളും കുഞ്ഞിന് ആശംസകളുമായെത്തിയിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. ആതിയ മകളെ എടുത്തുയര്‍ത്തുന്ന ചിത്രവും, കെ. എല്‍ രാഹുല്‍ മകളുടെ കൈ പിടിക്കുന്ന ചിത്രവും, പിറന്നാള്‍ കേക്കിന്റെ ചിത്രവും ആതിയ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഇവാരയുടെ മുഖം ഇതുവരെയും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. മകളുടെ വരവോടെ ജീവിതം കൂടുതല്‍ മനോഹരമായി മാറിയെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും താരം മുന്‍പ് സൂചിപ്പിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 ജനുവരിയിലാണ് രാഹുലും ആതിയയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവര്‍ക്കും മകള്‍ ഇവാര ജനിച്ചത്. ഞങ്ങളുടെ മകള്‍, ഞങ്ങളുടെയെല്ലാം ഇവാര - ദൈവത്തിന്റെ സമ്മാനം എന്നാണ് കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രം ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.






