
കാലം എത്രയൊക്കെ പുരോഗതി പ്രാപിച്ചെന്നു പറഞ്ഞാലും സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ക്കു മാത്രം ഒരു മാറ്റവുമില്ല. പലപ്പോഴും ജോലിയും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടുപോകാന്‍ അവര്‍ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഠിനാധ്വാനത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. 50 മണിക്കൂര്‍ നീണ്ട ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്ലാസ്റ്റിക് സര്ജന് സൗമ്യ ഗുപ്തയെ അമ്മായിയമ്മ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലേക്ക് കയറിവരുന്ന മരുമകളെ അനുഗ്രഹിക്കുകയും സൗമ്യ അമ്മായിയമ്മയുടെ പാദസ്പര്‍ശം നടത്തി അനുഗ്രഹം വാങ്ങുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
'നീ ഈ വീട്ടില്‍ വന്നത് എന്റെ ഭാഗ്യമാണ്' എന്ന് പറഞ്ഞുകൊണ്ടാണ് അമ്മായിയമ്മ സൗമ്യയെ സ്വീകരിച്ചത്. ഇതിന് മറുപടിയായി, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് സൗമ്യയും പറയുന്നു. തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നിലെത്തിയ അമ്മായിയമ്മ, നാല് ദിവസം കൂടുമ്പോള്‍ മാത്രം വീട്ടിലെത്തുന്ന ഇത്രയും നല്ലൊരു മരുമകളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതും വീഡിയോയുടെ ഭാഗമാണ്.
വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രണ്ടു ചേരിയായി തിരിഞ്ഞു. ഇത്രയും സ്നേഹമുള്ള അമ്മായിയമ്മയെ ലഭിച്ച സൗമ്യ ഭാഗ്യവതിയാണെന്നും, ജോലികഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്ക് ഇത്തരം സ്വീകരണങ്ങള്‍ വലിയ ഊര്‍ജ്ജം നല്‍കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇതിനെ വെറുമൊരു സ്നേഹപ്രകടനമായി കാണാന്‍ കഴിയാത്തവരും കുറവല്ല. അമ്മായിയമ്മയുടെ വാക്കുകളില്‍ മരുമകളോടുള്ള പരിഹാസമാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് ഇവരുടെ വാദം. ഉന്നത ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പോലും ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നത് കഷ്ടമാണെന്നും, ജോലി കഴിഞ്ഞെത്തിയ മരുമകളെ പരിഹസിക്കുന്ന രീതിയാണിതെന്നും ചിലര്‍ കമന്റ് ചെയ്തു.






