
ഗുവാഹത്തി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ സംരക്ഷകരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങളുടെ ഭരണകാലത്ത് രാജ്യസുരക്ഷയെ പാടെ അവഗണിച്ച കോണ്‍ഗ്രസ് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന സുരക്ഷയുടെ ഭാഗമായുള്ള എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യസുരക്ഷ പാടെ അവഗണിക്കപ്പെട്ടു. പാക് ഭീകരര്‍ക്ക് രാജ്യത്തേക്ക് കടന്നുകയറാനും അക്രമങ്ങള്‍ അഴിച്ചുവിടാനും അവസരമൊരുക്കിയത് കോണ്‍ഗ്രസ് നയങ്ങളാണെന്ന് ഷാ ആരോപിച്ചു. എന്നാല്‍ നരേന്ദ്ര മോദി അധികാരമേറ്റതോടെ ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് 'സീറോ ടോളറന്‍സ്' ആയി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആസാമിലെ സോണിത്പൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയിയും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകാത്തത് അതുകൊണ്ടാണെന്നും ഷാ പരിഹസിച്ചു. നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയാന്‍ അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്നും അതിന് ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതും ഏക്കര്‍ കണക്കിന് ഭൂമി കയ്യേറുന്നതും നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 1.25 ലക്ഷം ഏക്കര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസാമിനെ നുഴഞ്ഞുകയറ്റമുക്തമാക്കാനും വികസനം ഉറപ്പാക്കാനും ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആസാമിലെ നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും ഇല്ലാതാക്കി ജനസംഖ്യാപരമായ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി.






