
തിരുവനന്തപുരം/കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ വികസന കാര്യങ്ങളില്‍ സംവാദത്തിന് സാധ്യത തെളിഞ്ഞു. വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതോടെ, വേദിയും സമയവും മുഖ്യമന്ത്രിക്ക് നിശ്ചയിക്കാമെന്ന സതീശനും പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി ക്രിയാത്മകമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഫേസ്ബുക്കില്‍ അക്കമിട്ടു നിരത്തിയാണ് മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ 'എ പ്ലസ്' നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംവാദത്തിനുള്ള ഏറ്റവും ഉചിതമായ വേദി നിയമസഭയാണെന്നും എന്നാല്‍ അവിടെ പ്രതിപക്ഷം പലപ്പോഴും വിട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിച്ചപ്പോള്‍ പ്രതിപക്ഷം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും, കേരളത്തിന്റെ വികസനത്തിന് അവര്‍ നല്കിയ സംഭാവന എന്താണെന്നും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്തതായി മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടി നല്‍കിയത്. മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിനായി താന്‍ എത്തുമെന്ന് പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് നിര്‍മ്മിച്ച വീടുകളുടെ എണ്ണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കുറവാണെന്ന തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സതീശന് ആവര്‍ത്തിച്ചു.
ബാക്കി കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വികസനവും ഭരണനേട്ടങ്ങളും മുന്‍നിര്‍ത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പൊതുവേദിയില്‍ ഏറ്റുമുട്ടുന്നത് കേരള രാഷ്ട്രീയത്തില്‍ സമീപകാലത്തൊന്നും ഉണ്ടാകാത്ത സംഭവമാണ്. തെരഞ്ഞെടുപ്പില്‍ ഈ സംവാദം നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.






