
കൊച്ചി: നിയമസഭയില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വികസന കാര്യങ്ങളില്‍ പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മുഖ്യമന്ത്രി നിശ്ചയിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും താന്‍ സംവാദത്തിന് സന്നദ്ധനാണെന്നും 24 മണിക്കൂര്‍ മുന്‍പ് അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള വാക്പോര് വാര്‍ത്താസമ്മേളനത്തില്‍ ശക്തമായി പ്രതിഫലിച്ചു. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് സതീശന് വെല്ലുവിളിച്ചു. 'എസ്ഡിപിഐ വോട്ട് വേണ്ടെന്ന് തീരുമാനമെടുത്ത ആദ്യ മുന്നണിയാണ് യുഡിഎഫ്. മഞ്ചേശ്വരത്തെന്നല്ല, ഒരിടത്തും അവരുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമില്ല,' അദ്ദേഹം വ്യക്തമാക്കി.
ഒരു വശത്ത് എസ്ഡിപിഐയെയും മറുവശത്ത് ആര്‍എസ്എസിനെയും ഒരുപോലെ പ്രീണിപ്പിക്കുന്ന 'ഡീല്‍' രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേതെന്നും സതീശന് ആരോപിച്ചു. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. 4,43,000 വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന കണക്കുകള്‍ തെറ്റാണെന്നും ഇതിന്റെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന പിണറായി വിജയന്, ഇപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും സതീശന് പരിഹസിച്ചു.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമസഭയില്‍ അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവരാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും, സഭയിലെ മറുപടി താങ്ങാന്‍ കഴിയില്ലെന്ന ഭയമാണ് അവര്ക്കെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചിരുന്നത്. ഇതിനുള്ള മറുപടിയായാണ് ഇന്ന് വി.ഡി. സതീശന് രംഗത്തെത്തിയത്.






