
സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് മാസം ആദ്യം മുതല്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച ക്ലാസ്സ് മുറികളിലേക്ക് മടങ്ങിയത്തി.
28 ദിവസത്തിന് ശേഷമാണ് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അതേസമയം, സിബിഎസ് ഇ സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്കൂളുകളില്‍ എപ്രില്‍ ഒന്നിനായിരിക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നത്.
മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യത്തെ വിദ്യാലയങ്ങള്‍ തുറന്നത്. 4.17 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതു-സ്വകാര്യ വിദ്യാലയങ്ങളിലായി ഇന്ന് ഹാജരായത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ സ്കൂളുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി.
സുരക്ഷിതമായ അധ്യയന അന്തരീക്ഷം ഉറപ്പാക്കാന്‍ അധ്യാപകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.






