
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷ വാര്‍ത്ത ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താന്‍ വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂര്‍. അപ്പൂപ്പന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു എന്നാണ് നടന് കുറിച്ചത്. കൂടാതെ വായു ഒരു ജേഷ്ഠനായി മാറിയെന്നും, സോനത്തിനും ആനന്ദിനും നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അങ്ങനെ പെട്ടെന്ന് തന്നെ... എന്റെ ഹൃദയം ഒന്നുകൂടി വലുതായിരിക്കുന്നു. ഈ ലോകത്തിലേക്ക് സ്വാഗതം കുഞ്ഞേ, നീ ഇപ്പോള്‍ തന്നെ ഒരുപാട് സ്നേഹിക്കപ്പെടുന്നുണ്ട്. വായു, നീ ഇപ്പോള്‍ ഒരു ജേഷ്ഠനായിരിക്കുന്നു.. നീ ഒരു മികച്ച സഹോദരനായിരിക്കുമെന്ന് എനിക്കറിയാം .നന്ദി സോനം, ആനന്ദ്... നാനയുടെ (അപ്പൂപ്പന്റെ) മനസ്സ് നിറഞ്ഞു. ഈ കുസൃതിക്കൂട്ടത്തിലേക്ക് സ്വാഗതം കുഞ്ഞേ- ഒരു ജീവിതകാലം നീളുന്ന സ്നേഹത്തിലേക്ക് സ്വാഗതം ’അനില്‍ കപൂറിന്റെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ആശംസകളറിയിച്ചെത്തുന്നത്.
2018 ലായിരുന്നു സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്മണി വായു ജനിച്ചത്. 2025 നവംബറിലായിരുന്നു താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം സോനം ആരാധകരെ അറിയിച്ചത്. 2023-ല്‍ പുറത്തിറങ്ങിയ 'ബ്ലൈന്‍ഡ്' എന്ന ക്രൈം ത്രില്ലറിലാണ് സോനം അവസാനമായി അഭിനയിച്ചത്.






