
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള മുന്‍കാല ബന്ധം കണക്കിലെടുക്കുമ്പോള്‍, പേസിന്റെ ബിജെപി പ്രവേശനം രാഷ്ട്രീയമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
കൊല്‍ക്കത്തയില്‍ വെച്ച് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയുമായി പേസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനായി നിതിന്‍ നബിന് കൊല്‍ക്കത്തയില്‍ നടത്തുന്ന ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പേസ് മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.
മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നതിനാല്‍, പേസിന്റെ ബിജെപിയിലേക്കുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ആഴ്ച ബിജെപി പുറത്തിറക്കിയിരുന്നു. ഇതിനുമുമ്പ് 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും പാര്‍ട്ടി പ്രസിദ്ധീകരിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന് ഭരത് ഛേത്രി കലിംപോങ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.






