
ഇന്ത്യയുടെ ഉരഗ ജന്തുജാലങ്ങളുടെ പട്ടികയിലേക്ക് പുതിയ രണ്ട് അതിഥികള്‍ കൂടി. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട രണ്ട് പാമ്പുകളെ രാജ്യത്ത് പുതുതായി കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ജൈവവൈവിധ്യ മേഖലയില്‍ സുപ്രധാനമായ ഒരു കൂട്ടിച്ചേര്‍ക്കലാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
മിസോറാമിലെ നെന്ഗെങ്പുയി വന്യജീവി സങ്കേതത്തില്‍ നിന്ന് റാവൈന് കീല്ബാക്കിനെയും, അരുണാച്ചല്‍ പ്രദേശിലെ നംദാഫ നാഷണല്‍ പാര്‍ക്ക്, കംലാങ് ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് കാച്ചിന് ഹില്‍സ് കീല്ബാക്കിനെയുമാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഇതിനുമുമ്പ് മ്യാന്മറില് മാത്രം കണ്ടുവരുന്നവയാണ് ഈ രണ്ട് ഇനങ്ങളുമെന്നായിരുന്നു ശാസ്ത്രലോകം കരുതിയിരുന്നത്.
മിസോറാമിലെയും അരുണാച്ചല്‍ പ്രദേശിലെയും നിബിഡ വനങ്ങള്‍ മ്യാന്മറിലേക്കും വ്യാപിച്ചുകിടക്കുന്നതിനാല്‍, ഈ വനമേഖലയിലൂടെ പാമ്പുകള്‍ അതിര്‍ത്തി കടന്ന് എത്തിയതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വനങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത നിരവധി ജീവവര്‍ഗങ്ങള്‍ ഉണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സാധാരണയായി വിഷമില്ലാത്ത നീര്‍ക്കോലി വിഭാഗത്തില്‍പ്പെടുന്നവയാണ് കീല്‍ബാക്ക് പാമ്പുകള്‍. ഇവ അരുവികള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും സമീപമാണ് വസിക്കുന്നത്. സാധാരണ പാമ്പുകളെപ്പോലെ മിനുസവും തിളക്കവുമുള്ള ശരീരമല്ല ഇവയുടേതെന്നും മറിച്ച് പരുക്കന്‍ ചര്‍മ്മമാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഉഷ്ണമേഖലാ വനാന്തരീക്ഷത്തില്‍ കഴിയുന്ന ഇത്തരം അപൂര്‍വ്വ വര്‍ഗങ്ങളുടെ നിലനില്‍പ്പിന് കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.






