
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച എസ്.ഡി.പി.ഐയുടെ നിലപാടില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പുറത്തുള്ള ഒരു പാര്‍ട്ടിയുടെയും പിന്തുണ തങ്ങള്‍ തേടിയിട്ടില്ലെന്നും ബി.ജെ.പിയെ തടയുക എന്ന ലക്ഷ്യത്തില്‍ ചിലര്‍ വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയ സഹകരണമല്ലെന്നും പറഞ്ഞു.
ബി.ജെ.പി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന നിരവധി ശക്തികള്‍ മണ്ഡലത്തിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫാണ് കരുത്തരായ പക്ഷമെന്ന് തിരിച്ചറിഞ്ഞ ചിലര്‍ വോട്ട് ചെയ്തിട്ടുണ്ടാകാം. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് യാതൊരുവിധ രാഷ്ട്രീയ ധാരണയും ഉണ്ടാക്കിയിട്ടില്ല. അത്തരം ആരോപണങ്ങള്‍ പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണെന്നും പറഞ്ഞു. നേമത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ സ്വതന്ത്രമായ തീരുമാനമാണ് എടുത്തതെന്നും, വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന നിലപാടാണ് എല്‍.ഡി.എഫിന്റേത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വോട്ട് നല്കിയിട്ടുണ്ടെങ്കില് അത് ഏതെങ്കിലും ധാരണയുടെ അടിസ്ഥാനത്തിലല്ല. 2016-ല്‍ ബി.ജെ.പിക്ക് നേമത്ത് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കിയത് കോണ്‍ഗ്രസാണ്. എന്നാല്‍ 2021-ല്‍ എല്‍.ഡി.എഫ് ആ അക്കൗണ്ട് പൂട്ടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി. ശിവന്‍കുട്ടിയോ മറ്റാരെങ്കിലുമോ മറ്റ് കക്ഷികളുടെ സഹായം നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.






