
തിരുവനന്തപുരം: രാഹുല്‍ഗാന്ധി വിഡ്ഡിത്തം പറയാതിരിക്കാന്‍ അല്‍പ്പം കൂടി വായിക്കുകയും പഠിക്കാന്‍ തയ്യാറാകുകയും വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉള്ളതിനാലാണ് ശബരിമലയെക്കുറിച്ച് നരേന്ദ്രമോദി ഒന്നും മിണ്ടാത്തതെന്ന രാഹുലിന്റെ പ്രസ്താവന വിഡ്ഡിത്തമാണെന്നും പറഞ്ഞു.
ശബരിമല കൊള്ളക്കാരെ അന്വേഷിച്ചു കണ്ടെത്തി ജയിലില്‍ അയയ്ക്കാന്‍ ബിജെപി എന്‍ഡിഎ സര്‍ക്കാരിനേ കഴിയൂ എന്ന് നേരത്തേ കൊച്ചിയില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതാണെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്ന് വ്യക്തമാക്കിയതും രാഹുല്‍ അറിയാതെ പോയതാണെന്നും ഇത് രാഹുലിന്റെ ഹാന്ഡിലേഴ്സിന് കിട്ടിക്കാണില്ലെന്നും അവര്‍ കണ്ടു കാണില്ല എന്നാണ് കരുതുന്നതെന്നും പറഞ്ഞു.
രാഹുല്‍ കണ്ടിട്ടില്ലെങ്കില്‍ അതിന്റെ വീഡിയോ താന്‍ അയച്ചു തരാമെന്നും അത് ഒന്നു പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റുപോകുമെന്ന് കോണ്‍ഗ്രസുകാര്‍ കൃത്യമായിട്ട് മനസ്സിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള പേടികൊണ്ട് എല്ലാ ദിവസവും ഒരു കുപ്രചരണം നടത്തും. ഇന്നലെ രാഹുലിന്റെ ആക്ഷേപം ശബരിമലയായിരുന്നു.
2018 ലെ ശബരിമലപ്രശ്നത്തില്‍ ഏറ്റവും ഉപദ്രവും നേരിടേണ്ടി വന്നത് ബിജെപിയ്ക്കാണ്. 3000 പേര്‍ക്കെതിരേ കേസും ബിജെപി സംസ്ഥാന പ്രസിഡന്റ് ജയിലില്‍ ആകുകയും ചെയ്ത കാര്യമാണ്്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ രണ്ടു വര്‍ഷം സിപിഎമ്മിന് പിന്തുണ നല്കി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സോണിയാഗാന്ധിയുമായുള്ള ചിത്രം വരെ പുറത്തുവന്നതാണ്. ഈ സാഹചര്യമെല്ലാം വെച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ തൊടാന്‍ പോലും പറ്റില്ല. അത് ബിജെപി നേരത്തേ തന്നെ ഏറ്റെടുത്തതാണ്.
അധികാരത്തില്‍ വന്നാലും എംഎല്‍എ ഉണ്ടായാലും ഇവരെയെല്ലാം ജയിലില്‍ അയയ്ക്കാന്‍ പോകുന്നത് ബിജെപി ആയിരിക്കും. ബിജെപി ഗിമ്മിക്ക് രാഷ്ട്രീയം ചെയ്യാന്‍ വന്നതല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് ഓരോ പ്രശ്നങ്ങള്‍ കൊണ്ടുവരും അത് എട്ടു നിലയില്‍ പൊട്ടും. അപ്പോള്‍ അവര്‍ മറ്റൊന്നുമായി വരും. ഇതെല്ലാം ജനങ്ങള്‍ കണ്ടു കഴിഞ്ഞെന്നും വികസനത്തെക്കുറിച്ച് കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒന്നും പറയാനില്ല. ശബരിമല കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എഫ്സിആര്‍എയുമായി വരികയാണെന്നും പറഞ്ഞു.






