
തിരുവനന്തപുരം: ഒരു കാരണവശാലും ഇത്തരം കാര്യങ്ങളോട് യോജിക്കാനാകില്ല എന്നും രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും സാംസ്ക്കാരികമന്ത്രി സജി ചെറിയാന് വ്യക്തമാക്കി. ലൊക്കേഷനില്‍ വെച്ച് നടന്ന കാര്യമെന്ന് അറിയാന്‍ സാധിച്ചു. സംഭവത്തില്‍ അതിജീവിതയോടൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച് നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം പരാതികള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താല്‍ ഏത് വമ്പന്‍ ചെയ്താലും നടപടിയുണ്ടാകും. സംവിധായകന് സാംസ്ക്കാരിക വകുപ്പിന്റെ ഭാഗത്ത് നിന്നോ മന്ത്രിസഭയില്‍ നിന്നോ പോലീസില്‍ നിന്നോ ഒരു പിന്തുണയും നല്‍കില്ലെന്നും പറഞ്ഞു. ഇത്തരം ആക്ഷേപം വന്നാല്‍ ഏതു വമ്പനായാലും നിയമനടപടി സ്വീകരിക്കുമെന്നും അടുത്ത സര്‍ക്കാര്‍ സിനിമയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയങ്ങള്‍ കൊണ്ടുവരുമെന്നും സജി ചെറിയാന് പറഞ്ഞു.
ഒരാളെ സ്ഥാനത്തേക്ക് എടുക്കുമ്പോള്‍ അവരുടെ കഴിവുകളെ മാനദണ്ഡമാക്കുകയാണ് പതിവെന്നും പറഞ്ഞു. സിനിമയില്‍ അദ്ദേഹം ചെയ്ത ജോലികള്‍ വെച്ചാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് നിയോഗിച്ചതെന്നും ആരോപണം വന്നപ്പോള്‍ അദ്ദേഹം അത് രാജിവെച്ച് പുറത്തുപോയിരുന്നു. രഞ്ജിത്തിനെതിരേ ഉയര്‍ന്ന മൂന്നാമത്തെ ലൈംഗികപരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരുന്നത്.






