
കൊച്ചി: തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്നും നിയമപരമായി നേരിടുമെന്നും ആദ്യപ്രതികരണത്തില്‍ നടനും സംവിധായകനും നിര്‍മ്മാതാവും ചലച്ചിത്ര അക്കാദമിയുടെ മുന്‍ തലവനുമായ രഞ്ജിത്ത്. തനിക്കെതിരേ കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോഴും രഞ്ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അതേസമയം രഞ്ജിത്തിനെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്ത പോലീസ് കോടതി റിമാന്റ് ചെയ്തതിന് പിന്നാലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയിലാണ്.
രഞ്ജിത്തിനെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ അഭിഭാഷകന് ജാമ്യാപേക്ഷയും നല്കി. ഇതില്‍ രഞ്ജിത്തിന്റെ ആരോഗ്യ പ്രതിസന്ധിക്കൊപ്പം കേസിന്റെ ചില കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിയില്‍ ഒന്ന് ജനുവരിയില്‍ നടന്ന സംഭവത്തില്‍ മാര്‍ച്ചിലാണ് പരാതി നല്‍കിയതെന്ന കാലതാമസമാണ്. പരാതി നല്കാന് രണ്ടുമാസം എടുത്തു എന്നത് കെട്ടിച്ചമച്ചതാണ് എന്ന് വരുന്നു എന്നാണ് ചൂണ്ടിക്കാട്ടിയത്. രഞ്ജിത്തിനെതിരേ മുമ്പ് പലേരിമാണിക്യം സിനിമയുമായി ബന്ധപ്പെട്ട് ബംഗാള്‍ നടി നല്കിയ ലൈംഗികാരോപണ പരാതിയില്‍ അന്ന് കോടതി പരിഗണിച്ചത് ഈ കാലതാമസമായിരുന്നു. 15 വര്‍ഷത്തിന് ശേഷമാണ് ബംഗാളി നടിയുടെ പരാതി എന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഈ കേസില്‍ പോലീസ് അതി വിദഗ്ദ്ധമായിട്ടാണ് രഞ്ജിത്തിനെതിരേ നീങ്ങിയത്. നിര്‍ണ്ണായകമായ പല തെളിവുകളും ശേഖരിച്ച ശേഷമാണ് രഞ്ജിത്തിനെതിരേ പോലീസ് നീങ്ങിയത്. രഞ്ജത്തിനെതിരേ സാഹചര്യതെളിവുകളും മൊഴികളും ഉണ്ടെന്നാണ് പോലീസ് പറയുന്നത്. വേഗത്തിലുള്ള നടപടികളാണ് പോലീസ് നടത്തിയത്. 28 ാം തീയതി പരാതി കിട്ടിയതിന് തൊട്ടുപിന്നാലെ എസ്ഐടി രൂപീകരിക്കുന്നു. ഉടന്‍ തെളിവുകള്‍ കണ്ടെത്താനുള്ള നീക്കം നടത്തി. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും ശേഖരിച്ച് പരിശോധിച്ചു. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് രണ്ടുപേരും ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തിയിട്ടുള്ളതായിട്ടാണ് വിവരം.
കേസില്‍ സഹപ്രവര്‍ത്തകരെയും ലൊക്കേഷനില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടേയും മൊഴിയെടുക്കും. രണ്ടുമാസമായി എസ്.ഐ.ടി. കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. യുവതി ആദ്യം സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമിതിയായ ഐസിസിയ്ക്ക് മുന്നില്‍ വെച്ചെങ്കിലും തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണം നടത്തിയ ശേഷം ഇന്നലെ രാത്രിയില്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ വെച്ച് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോര്‍ട്ട്കൊച്ചിയില്‍ ചിത്രീകരണത്തിനിടയില്‍ ക്യാരവാനിലിട്ട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ലിവര്‍ ട്രാന്സ്പ്ലാന്റേഷന് നടത്തിയ നടന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ജാമ്യാപേക്ഷ മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിയാല്‍ ഇനി നാലു ദിവസത്തെ അവധിക്ക് ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. നടനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക.






