
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുക പ്രയാസകരമായതിനാല്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനും കള്ളപ്പണം വെളുപ്പിക്കല്‍ ഇല്ലാതാക്കാനുമാണ് എഫ്.സി.ആര്.എ നിയമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് അനാവശ്യ ഭീതി പരത്തുകയാണെന്നും പറഞ്ഞു.
വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നത് കൊണ്ടല്ല, മറിച്ച് ആ തുക ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ് എഫ്.സി.ആര്.എ ലൈസന്‍സ് റദ്ദാക്കപ്പെടുന്നത്. എഫ്.സി.ആര്.എ വഴി ലഭിക്കുന്ന പണം വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അവ മരവിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ലോകമെമ്പാടും കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തിലും ഇത് തടയേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എഫ്.സി.ആര്.എ ഭേദഗതി ക്രൈസ്തവ സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളെല്ലാം വിദേശ സഹായം സ്വീകരിക്കുന്നുണ്ട്. നിയമപരമായി പണം ചിലവഴിക്കുന്ന ഒരു സമുദായത്തെയും ഈ നിയമം ബാധിക്കില്ലെന്നും ക്രൈസ്തവസഭകളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
'വികസനത്തെക്കുറിച്ചോ നാടിന്റെ ഭാവിയെക്കുറിച്ചോ സംസാരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. ഓരോ ദിവസവും പുതിയ നുണകളുമായി അവര്‍ രംഗത്തെത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കുന്നവര്‍ മാത്രമാണ് പുതിയ നിയമത്തെ ഭയപ്പെടേണ്ടത്.' സി.പി.എമ്മും കോണ്‍ഗ്രസും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സഹായം തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണ സ്വീകരിക്കുന്നതിലൂടെ ഇടത്-വലത് മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






