
ന്യൂഡല്‍ഹി: വന്‍ വിവാദമുണ്ടാക്കിയിരിക്കുന്ന എഫ്സിആര്‍എ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബില്ലില്‍ ഇന്ന് നടക്കേണ്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയും 12 മണി വരെ സഭ നിര്‍ത്തി വെക്കുകയും ചെയ്തു. നേരത്തേ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു.
രാവിലെ തന്നെ പാര്‍ലമെന്റ് കവാടത്തിലൂം പിന്നീട് പാര്‍ലമെന്റിനുള്ളിലും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം കണ്ടിരുന്നു. പിന്നാലെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും കവാടത്തില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഹൈബി ഈഡന് അടക്കമുള്ളവര്‍ വലിയ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. പിന്നാലെ ഇന്ന് ലോക്സഭയില്‍ ബില്ലില്‍ ചര്‍ച്ചയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കേരളത്തില്‍ ബില്ലിനെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തേ ന്യുനപക്ഷ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. അതേസമയം ബില്‍ അവതരിപ്പിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇന്ന് ബില്ല് ചര്‍ച്ചയ്ക്ക് വെക്കാതിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ നിയമത്തെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്ന് കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞു. നേരത്തേ കെസിബിസി അടക്കമുള്ളവര്‍ ബില്ലിനെതിരേ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. വിദേശത്ത് നിന്നും വരുന്ന പണം ശരിയായ കാര്യങ്ങള്‍ക്കാണ് പോകുന്നതെന്നും ഭീകരത പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല എന്ന് ഉറപ്പാക്കാനാണ് ബില്‍ എന്നും അത് ക്രൈസ്തവസഭകള്‍ക്ക് എതിരല്ലെന്നും നേരത്തേ കേന്ദ്രസര്‍ക്കാരും കേരളത്തിലെ ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു.






