
അഹമ്മദാബാദ്: ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികളുടെ രക്തം മരവിപ്പിച്ച ഗുജറാത്ത് കലാപകാലത്താണ് മൊഹ്സീന് ഷേയ്ഖ് പേന താഴെ വെച്ചത്. മത സ്പര്ദ്ധ വളര്ത്തി വര്ഗ്ഗീയവാദികള് ആയിരങ്ങളെ കൊന്നൊടുക്കുകയും പതിനായിരങ്ങളുടെ മനസ്സില് തീ കോരിയിടുകയും ചെയ്തപ്പോള് 14 വയസ്സുള്ള മൊഹ്സീന് നഷ്ടമായത് സ്വന്തം ജീവിതം കൂടിയായിരുന്നു. 15 വര്ഷങ്ങള്ക്ക് ശേഷം 29 കാരനായ മൊഹ്സീന് ചോക്കുപൊടികൊണ്ട് എല്ലാ മതങ്ങളിലും സ്നേഹവും മതസൗഹാര്ദ്ദവും വളര്ത്തുകയാണ്.
അഹമ്മദാബാദിലെ എല്ലിസ്ബ്രിഡ്ജിലെ പഞ്ച്നാഥ് മഹാദേവ ക്ഷേത്രത്തില് മൊഹ്സീന്റെ ശിവ പ്രതിഷ്ഠ തിങ്കളാഴ്ച സ്ഥാപിക്കുകയുണ്ടായി. കൈലാസവും ശിവവാഹനമായ നന്ദിയുമെല്ലാം മൊഹ്സീന്റെ കരവിരുതില് പ്രത്യക്ഷപ്പെട്ടു. ചോക്ക് പൊടിയിലും പെന്സില് ഗ്രാഫൈറ്റിലും ഇയാള് നിര്മ്മിക്കുന്ന പ്രതിമകള്ക്ക് വന് പ്രചാരമുണ്ട്. ദൈവങ്ങളുടെ പ്രതിഷ്ഠയ്ക്ക് പുറമേ നരേന്ദ്രമോഡിയുടെ പ്രതിമ, എല്ലിസ് ബ്രിഡ്ജിലെ പരമ്പരാഗത നിര്മ്മിതയായ ടീന് ദര്വാസ എന്നിവയെല്ലാം ഇയാളുടെ കരവിരുതില് പുറത്തുവന്നു.
2002 ലെ ഞെട്ടിക്കുന്ന കാര്യങ്ങള് ഓര്മ്മിക്കുമ്പോള് മൊഹ്സീന് നടുങ്ങുകയാണ്. 14 ാം വയസ്സില് കലാപം പൊട്ടിപ്പുറപ്പെടുമ്പോള് മൊഹ്സീന് പത്താം ക്ളാസ്സില് പഠിക്കുകയായിരുന്നു. ഷാ ഇ ആലം ഏരിയയിലെ വീട്ടില് നിന്നും പുറത്തിറങ്ങാന് കഴിയാതെ വര്ഗ്ഗീയ കലാപത്തിന്റെ ഭീതിയില് ഒരു മാസത്തോളമാണ് കഴിയേണ്ടി വന്നത്. ഒരു മാസമായി ഇവിടം നിരോധനാജ്ഞയ്ക്ക് കീഴിലായിരുന്നു.
പേടികാരണം വിദ്യാഭ്യാസം പോലും മുടങ്ങി. മാതാപിതാക്കളുടെ സാമ്പത്തിക പരാധീനതയെ തുടര്ന്ന് പിന്നീട് മുന്നോട്ട് പോകാനും കഴിഞ്ഞില്ല. പിതാവിന്റെ കട കലാപത്തില് പൂര്ണ്ണമായും കത്തിക്കരിയുകയും ചെയ്തു. ഒരു വര്ഷത്തിന് ശേഷം കുടുംബം പോറ്റാനായി മൂത്ത സഹോദരന്മാര്ക്കൊപ്പം പിതാവിന്റെ കാര്ബാറ്ററി കടയില് തൊഴിലാളിയായി കൂടി. കലാപത്തിന് ശേഷം അന്തര്മുഖനായി തീര്ന്ന മൊഹ്സീന് വിനോദത്തിനായിട്ടാണ് ചോക്കു കൊണ്ടും പെന്സില് ഗ്രാഫൈറ്റ് കൊണ്ടും ഓരോന്ന് നിര്മ്മിക്കാന് ആരംഭിച്ചത്.
ഹിന്ദു ദൈവങ്ങളെ നിര്മ്മിക്കാന് തുടങ്ങിയപ്പോള് ഒരു സുഹൃത്താണ് ഇതിന്റെ ഒരു പ്രദര്ശനം വെയ്ക്കാന് ആവശ്യപ്പെട്ടത്. ഒരു ക്ഷേത്രമാണ് ഇതിന് ഏറ്റവും അനുയോജ്യം എന്ന് കണ്ടെത്തിയതിനാലാണ് എല്ലിസ്ബ്രിഡ്ജിലെ ശിവക്ഷേത്രത്തിന് ഒരെണ്ണം നല്കിയത്. ഹിന്ദു ദൈവവങ്ങളെ നിര്മ്മിക്കുന്നതും പൂജിക്കുന്നതുമെല്ലാം ഇസ്ളാമിന് നിഷിദ്ധമല്ലേ എന്ന ചോദ്യത്തിനും മൊഹ്സീന് ഉത്തരം പറയാനുണ്ട്. ക്ഷേത്രമായാലും മോസ്ക്കായാലും മതത്തിന് താന് വിവേചനം കല്പ്പിക്കുന്നില്ലെന്നും എവിടെ പ്രാര്ത്ഥിച്ചാലും വിശ്വാസിയുടെ തൃപ്തിയാണ് പ്രധാനമെന്നും തന്റെ കലയെടുത്താല് തന്റെ കലയും സ്നേഹവും പ്രചരിപ്പിക്കാനുള്ള ഏറ്റവും വലിയ ആയുധം ചോക്കുപൊടിയാണെന്ന് മൊഹ്സീന് പറയുന്നു.







Comments